Wed. Jan 22nd, 2025
#ദിനസരികള്‍ 1101

 
(ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്.)

ഓരോ ലോകസഭ മണ്ഡലത്തേയും സാംസ്കാരികമായും സാമൂഹ്യപരമായും സമീപിച്ചു കൊണ്ട് പ്രസ്തുത വിഷയത്തില്‍ അവഗാഹമുള്ളവര്‍ നടത്തിയ നല്ല പഠനങ്ങള്‍ എന്നത് 1967 ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉണ്ട്. ഇതു കാണിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ കേവലം ഉപരിപ്ലവമായ ഒന്നാണ് എന്നല്ല. മറിച്ച് നാം ഏറ്റെടുത്തതും ഇന്ത്യന്‍ ജീവിതത്തിന്റെ ഭാഗമായതും തനതായ ആവിഷ്കാരരീതികള്‍ കൊണ്ട് ശ്രദ്ധേയമായതും ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ആചരിക്കപ്പെടുന്നതുമാണ് എന്നാണ്. ജനങ്ങളാര്‍ത്തലച്ചെത്തുന്ന റാലികളിലുടെയും നേതാക്കന്മാരുടെ പ്രഭാഷണങ്ങളിലൂടേയും വര്‍ണഭരിതമായ പോസ്റ്ററുകളിലൂടെയും അപരനെ താഴ്ത്താനും തന്താങ്ങളെ ഉയര്‍ത്താനുമുള്ള മുദ്രാവാക്യങ്ങളിലൂടെയും ഊര്‍ജ്ജപ്രസരണികളായ ഈ ആവര്‍ത്തനം നടപ്പിലാക്കപ്പെട്ടു.

ദേശീയതലത്തിലും പ്രാദേശിക തലത്തിലും പാര്‍ട്ടികള്‍ തമ്മിലുള്ള ശത്രുത ആഴത്തിലുള്ളതായിരുന്നു. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ വിഘടിച്ചവരെങ്കിലും കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമായ ഇടതുപാര്‍ട്ടികളുണ്ടായിരുന്നു. ചില ജനസംഘം, സ്വതന്ത്ര പാര്‍ട്ടി മുതലായ വലതു പാര്‍ട്ടികളുമുണ്ടായിരുന്നു.

പഞ്ചാബിലെ അകാലികള്‍, തമിഴ് നാട്ടിലെ ഡി എം കെ മുതലായ ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളും കോണ്‍ഗ്രസിനെ എതിര്‍ക്കാനുണ്ടായിരുന്നു. ഇതെല്ലാം കാണിക്കുന്നത് ഇരുപതുകൊല്ലത്തെ സാമ്പത്തിക വികസനം രാഷ്ട്രീയ കിടമത്സരത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി മാറ്റിയെന്നാണ്. നിയമ സഭയിലേക്കോ ലോകസഭയിലേക്കോ മത്സരിക്കുന്നതിനു മുമ്പുതന്നെ സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും സ്കൂളുകള്‍ കോളേജുകള്‍ മറ്റു സഹകരണസ്ഥാപനങ്ങള്‍ മുതലായവ നടത്തി തഴക്കം വന്നവരാണ്.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് ജനസമ്മതി വേണ്ടുവോളമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വോട്ടര്‍മാരുടെ പിന്തുണ ആര്‍ജ്ജിക്കുവാന്‍ കഴിയുന്ന തരത്തില്‍ മൂല്യവത്തുമായിരുന്നു. എനിക്ക് നേരിട്ട് ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് 1967 ലെയായിരുന്നു.

ഉച്ചൈസ്തരം ഘോഷിക്കപ്പെട്ട ഒരു മുദ്രാവാക്യമായിരുന്നു ഹിമാലയത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരിടത്ത് ജീവിച്ചിരുന്ന എനിക്ക് ഓര്‍മ്മയുണ്ടായിരുന്നത്. ജനസംഘത്തിന് വോട്ടു ചെയ്യൂ, ബീഡി വലിക്കാതിരിക്കൂ, ബീഡിയില്‍ പുകയിലയുണ്ട്, കോണ്‍‌ഗ്രസ്സെല്ലാം കള്ളന്മാര്‍.

കോണ്‍ഗ്രസ്സിലാകെ കള്ളന്മാരാണ്. ചുരുട്ടില്‍ ശരീരത്തിന് അപകടകരമായ പുകയിലയുണ്ട്. രണ്ടിനേയും തിരസ്കരിച്ച് ജന സംഘത്തെ തോളിലേറ്റൂ – അവരാണ് അന്നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷി – ഇതാണ് സര്‍ക്കാറിനേയും സ്വയം തന്നെയും ശുദ്ധീകരിക്കാന്‍ ഒരു വോട്ടറുടെ മുന്നിലുള്ള വഴി. അതായിരുന്നു മുദ്രാവാക്യത്തിന്റെ അന്തസ്സത്ത.

പലരും അത് ഏറ്റു വിളിച്ചു. പതിമൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഇന്ത്യയിലെ സര്‍വ്വേകളില്‍ ഒന്നാമതായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപ്പീനിയനിലെ ഇപിഡബ്ല്യൂ ഒരു പഠനം നടത്തിയിരുന്നു. ഇലക്ഷന് തൊട്ടുമുമ്പായി നടത്തിയ ആ പഠനത്തില്‍ കോണ്‍ഗ്രസിനെ ജനതയെ ആകര്‍ഷിക്കുവാനുള്ള മഹത്തായ ശേഷി നഷ്ടപ്പെട്ടതായി വിലയിരുത്തി.

രാഷ്ട്രീയ ഭിക്ഷാംദേഹിയായി, വിജയത്തിന്റെ ഒരു മാതൃകയായല്ല, കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. ഇനി അഥവാ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തിരിച്ചു വരികയാണെങ്കില്‍ അമ്പതുസീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്നും 2 – 3 ശതമാനം വോട്ടെങ്കിലും നഷ്ടപ്പെടുമെന്നും സര്‍വ്വേ വിലയിരുത്തി. സംസ്ഥാനങ്ങളിലെ നഷ്ടം അതിലും ഭീകരമായിരിക്കും. കൂടാതെ കേരളത്തിലും മധ്യപ്രദേശ്, രാജസ്ഥാൻ, ഒറീസ്സ, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ രൂപീകരിക്കപ്പെട്ടേക്കാമെന്നും സര്‍വ്വേ വിലയിരുത്തി.

(അവസാനിക്കുന്നില്ല.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.