Thu. Apr 25th, 2024
#ദിനസരികള്‍ 1100

 
ഏതു കാലംമുതല്‍ക്കാണ് ടോം, ജെറി എന്നീ രണ്ടു അതിസുന്ദരന്മാരായ കുസൃതികളെ എനിക്ക് കൂട്ടിനു കിട്ടിയത്? കൃത്യമായി പറയുക അസാധ്യമാണ്. സ്കൂള്‍ കാലങ്ങളിലെ ടി വികളില്‍ ഇടക്കെപ്പോഴെങ്കിലും വന്നുകൊണ്ടിരുന്ന ചില മുറിക്കഷണങ്ങളായിരിക്കണം ഞാന്‍ ആദ്യമായി കണ്ടിട്ടുണ്ടാവുക. പോകെപ്പോകെ കാണാനുള്ള സാധ്യതകളേറി.

ഇന്‍ര്‍നെറ്റ് വ്യാപകമായതോടെ ധാരാളമായി കണ്ടുതുടങ്ങി. ഇപ്പോഴും, ഈ മധ്യവയസ്സു ജീവിതകാലത്തിലും അവസരം കിട്ടിയാല്‍ ടോം ആന്റ് ജെറി എന്നില്‍ കൌതുകമാകും. അതുകൊണ്ട് എവിടെവെച്ചാണ് ഞാനും ടോമും ജെറിയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന കാര്യം അത്ര നിശ്ചയമല്ലെങ്കിലും എവിടെയാണ് ആ ബന്ധം അവസാനിക്കുക എന്ന് എനിക്ക് നന്നായി അറിയാം. അത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്ന ഒരു സിനിമാപരമ്പരയുടെ സംവിധായകന്മാരില്‍ ഒരാളായിരുന്നു Eugene Merril Deitch.

ഒരു ഡസനിലധികം ടോം ആന്റ് ജെറി പരമ്പരകള്‍ ചെയ്ത ജീന്‍ ഡീച്ച് എന്നാല്‍ 1961 ല്‍ സംവിധാനം ചെയ്ത മണ്‍റോ എന്ന കാര്‍ട്ടൂണ്‍ സിനിമയ്ക്കാണ് ഓസ്കാര്‍ നേടുന്നത്. 1924 ആഗസ്ത് എട്ടിന് അമേരിക്കയില്‍ ജനിച്ച അദ്ദേഹം 1959 ല്‍ പ്രാഗിലെത്തുകയും 2020 ഏപ്രില്‍ 16 തന്റെ 95 ആം വയസ്സില്‍ മരിക്കുന്നതുവരെ അവിടെ തുടരുകയും ചെയ്തു. കുറച്ചു കാലങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നു.

സത്യം പറഞ്ഞാല്‍ ഒരു കൌതുകത്തിന് ഒരിടയ്ക്കെപ്പോഴോ ടോം ആന്റ് ജെറിയുടെ സംവിധായകരെക്കുറിച്ചും നിര്‍മ്മാതാക്കളെക്കുറിച്ചുമൊക്കെ അന്വേഷിച്ചിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഇപ്പോഴാകട്ടെ ഈ പേരുകളൊന്നുപോലും മനസ്സിലില്ലായിരുന്നുവെന്നതും വാസ്തവമാണ്. ടോമും ജെറിയുമായി ബന്ധപ്പെട്ട് ആകെപ്പാടെ മനസ്സിലുള്ള രണ്ടു പേരുകള്‍ വില്യം ഹന്നയും ജോസഫ് ബാര്‍ബറയുമാണ്. അവരുടെ സിനിമകളായിരിക്കണം, അതുകൊണ്ടുതന്നെ ഞാന്‍ ധാരാളമായി കണ്ടിട്ടുള്ളത്.

തുറന്നു പറഞ്ഞാല്‍ ജീന്‍ ഡീച്ചിന്റെ മരണത്തെക്കുറിച്ച് നമ്മുടെ പത്രമാധ്യമങ്ങള്‍ എഴുതിയപ്പോഴാണ് അങ്ങനെയൊരു സംവിധായകനുണ്ടല്ലോ എന്നോര്‍ക്കുന്നത് തന്നെ. എന്തായാലും ടോം ആന്റെ ജെറി എന്ന പ്രിയപ്പെട്ട പരമ്പരയുടെ സംവിധായകന്‍ എന്ന പ്രാധാന്യം മറ്റെന്തിനെക്കാളും വലുതാണല്ലോ.

കയ്യിലേക്ക് ഒരു കമ്പ്യൂട്ടര്‍ വന്നു ചേര്‍ന്ന കാലം ഓര്‍ക്കുന്നു. അന്നത് കിട്ടിയ പാടെ ചെയ്തത് ടു ഡി അനിമേഷന്‍ സോഫ്റ്റ്‌വെയറായ അഡോബിയുടെ ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നെ അഹോരാത്രം ഫ്ലാഷിനുപിന്നാലെയായിരുന്നു. അതിനിടയ്ക്ക് ടൂണ്‍സ് എന്നൊരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ടോം ആന്റ് ജെറി പോലെയുള്ളവ ചെയ്തെടുക്കുന്നതെന്ന് ആരോ പറഞ്ഞോ എവിടയോ വായിച്ചോ അറിഞ്ഞു.

പിന്നീട് അത് അന്വേഷിച്ചു കുറേ നാള്‍ നടന്നു. കിട്ടിയോയെന്ന് ഓര്‍മ്മയില്ല. എന്തായാലും ടു ഡി അനിമേഷന്‍ കുറച്ചുകാലത്തേക്കെങ്കിലും ഒരു ബാധയായി എന്നെ ആവേശിച്ചിരുന്നുവെന്നതാണ് വസ്തുത. (അങ്ങനെ ചിത്രകലയായും കവിതയെഴുത്തായും കഥയെഴുത്തായും സിനിമ പഠിത്തമായും മറ്റും മറ്റും എത്രയോ ബാധകള്‍! അവയെല്ലാംകൂടി ഒന്നില്‍ കേന്ദ്രീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിരുന്നു. പല കുഴികളുണ്ടാക്കിയ സമയത്ത് ഒരു കിണര്‍ കുത്താമായിരുന്നല്ലോ എങ്കില്‍ എന്നേ വെള്ളം കണ്ടേനെ എന്ന് പണ്ട് പാക്കനാര്‍ പോലെ! ഒരു പക്ഷേ ജീവിതം ഓരോരുത്തര്‍ക്കും ഇങ്ങനെയൊക്കെയായിരിക്കും രസകരമാകുക!)

ഏതായാലും ഒരു കാലത്തിന്റെ കൌതുകത്തെ ജ്വലിപ്പിച്ചു നിറുത്തിയ ഒന്നായിരുന്നു ഈ കാര്‍ട്ടൂണ്‍ പരമ്പര. ജീവിതകാലത്തോളം നീണ്ടു നില്ക്കുന്ന ആ കൌതുത്തിന്റെ അലയൊലികളുടെ ശില്പികളില്‍ ഒരാളായ ജീന്‍ ഡീച്ചിന് ഒരിക്കല്‍ കൂടി വിട.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.