Thu. Mar 28th, 2024

ന്യൂഡല്‍ഹി:

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത പ്രതീകാത്മക സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടർമാരോടും ആശുപത്രികളോടും മെഴുകുതിരികൾ കത്തിക്കാൻ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. വെെറ്റ് അലേര്‍ട്ട് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ പ്രതീകാത്മക പ്രതിഷേധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.

ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സർക്കാർ ഉറച്ചുനിൽക്കുന്നുണ്ടെന്നും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അമിത് ഷാ ഉറപ്പുനല്‍കി. ഐഎംഎ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

By Binsha Das

Digital Journalist at Woke Malayalam