തിരുവനന്തപുരം:
കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്ന് എന്നിങ്ങനെ 11 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേർ വിദേശത്ത് നിന്ന് എത്തിയവരും, മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയും മൂന്ന് ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം പുറപ്പെടുവിച്ച ഓർഡിനൻസിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള കണ്ണൂരിൽ നിയന്ത്രണം കർശനമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഹോട്ട് സ്പോട്ട് ഒഴികെയുള്ള കണ്ണൂരിലെ സ്ഥലങ്ങളിലും ജനം പരമാവധി വീട്ടിൽ തന്നെ കഴിയണമെന്നും അവശ്യ വസ്തുക്കൾ ഹോം ഡെലിവറി ആയി നൽകുമെന്നും കൂട്ടിച്ചേർത്തു. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉദാരമായ സഹായം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെയും ജന പ്രതിനിധികളുടെയും 30% ശമ്പളം ഒരു വർഷം പിടിക്കാൻ ഇന്നത്തെ ഉന്നതതല യോഗത്തിൽ തീരുമായിട്ടുണ്ട്.