ഡൽഹി:
പരിശോധനാഫലത്തിലെ കൃത്യത ഇല്ലായ്മ ചൂണ്ടിക്കാട്ടി നിരവധി പേർ പരാതിപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നിർത്തിവെയ്ക്കാൻ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ അന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാൽ അടുത്ത രണ്ടു ദിവസം കൊണ്ട് തങ്ങളുടെ സംഘങ്ങള്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് ഉറപ്പാക്കുമെന്ന് ഐസിഎംആര്‍ വക്താവ് രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ വ്യക്തമാക്കി.
ഏകദേശം അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്. കൂടുതൽ പോസിറ്റിവ് കേസുകൾ സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിലെ മുഴുവൻ ആളുകളെയും പരിശോധിക്കണമെന്ന ഐസിഎംആർ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.