Tue. Apr 29th, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒമ്പതുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പാലക്കാടുനിന്നുള്ള ഒരാളും മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ളവരും തമിഴ്‌നാട്ടില്‍നിന്നു വന്നതാണ്. അതിർത്തിയിലെ ശക്തമായ നിയന്ത്രണങ്ങളുടെ ആവശ്യകതയാണിത് വിളിച്ചോതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 16 പേർ രോഗമുക്തരായി. ഇതുവരെ കേരളത്തിൽ 426 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ നിലവിൽ 117 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

By Arya MR