Mon. Dec 23rd, 2024
ഡൽഹി:

 
പ്രമുഖ വാർത്താചാനൽ അവതാരകനും റിപ്പബ്ലിക് ടിവി സ്ഥാപകരിൽ ഒരാളുമായ അർണബ് ഗോസ്വാമി എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചു. മഹാരാഷ്ട്രയിലെ പാൽഗഡിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങൾ നിശബ്ദത പാലിച്ചതിൽ പ്രതിഷേധസൂചകമായിട്ടാണ് അദ്ദേഹം എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചത്. റിപ്പബ്ലിക്ക് ടിവിയിലെ ചാനൽ ചർച്ച അവതരിപ്പിച്ചുകൊണ്ടിരിക്കവെയാണ് ഗോസ്വാമി തന്റെ രാജി പ്രഖ്യാപിച്ചത്.

എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് ശേഖർ ഗുപ്തയെ അഭിസംബോധന ചെയ്തുകൊണ്ട് അർണബ് ഗോസ്വാമി പറഞ്ഞതിങ്ങനെ: വിഷയത്തിൽ പുറത്തുവരുന്ന വ്യാജ വാർത്തകളിൽ നിശ്ബദത പാലിക്കുന്നതിനാൽ എഡിറ്റേഴ്സ് ഗിൽഡിന് എന്തെങ്കിലും വിശ്വാസ്യത അവശേഷിച്ചിരുന്നുവെങ്കിൽ അതുകൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. സംഘടന വെറും സ്വാർത്ഥതാത്‌പര്യക്കാരുടേതായി മാറിയിരിക്കുന്നു. ഏറെക്കാലമായി ഞാൻ ഇതിലെ അംഗമായിരുന്നു. സംഘടന എഡിറ്റോറിയൽ എത്തിക്സുകൾ ബലികഴിച്ചിരിക്കുന്നതിനാൽ ഞാൻ ഇതിൽ നിന്ന് രാജിവെക്കുന്നു.

പാൽഗഡിൽ നടന്നത് തെറ്റിധരണയുടെ പുറത്തുണ്ടായ അക്രമമല്ലെന്നും അതിനു പിന്നിലെ ഉദ്ദേശങ്ങൾ വളരെ വ്യക്തമാണെന്നും അർണബ്, ചാനൽ ചർച്ചയിൽ പറഞ്ഞു.
ബിജെപി സർക്കാർ ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയാണ് ഇത്തരമൊരു സംഭവം നടന്നിരുന്നതെങ്കിൽ നസറുദ്ദീൻ ഷാ, അപർണ സെൻ, രാമചന്ദ്ര ഗുഹ, മറ്റ് അവാർഡ് വാപസി ഗാങ് എല്ലാവരും ഇപ്പോൾ രംഗത്ത് വന്നിരുന്നേനെ എന്നും പറഞ്ഞുകൊണ്ടേയിരുന്നു അർണബിന്റെ രാജി പ്രഖ്യാപനം. എന്നാൽ, വിഷയത്തിൽ എഡിറ്റേഴ്സ് ഗിൽഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

By Arya MR