Sat. Nov 23rd, 2024
കൊച്ചി:

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്നും ഹോട്ട്സ്പോട്ടുകളായ കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവിടങ്ങളിൽ ഇരുപത്തിനാലിന് ശേഷവും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. ജില്ലയിൽ രണ്ട് രോഗികൾ മാത്രമാണ് ഇപ്പോൾ വൈറസ് ബാധ മൂലം ചികിത്സയിൽ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഇളവുകൾ ലഭിച്ചുവെന്ന തെറ്റിദ്ധാരണയിൽ ധാരാളം ആളുകൾ നിരത്തിലിറങ്ങുന്ന പ്രവണത ശ്രദ്ധയിൽ പെട്ടതിനാലാണ് ഈ പ്രസ്താവന നടത്തുന്നതെന്നും കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ ഇളവുകൾ രോഗവ്യാപനത്തിലേക്കു കടക്കാതിരിക്കാൻ ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ഇളവുകളില്‍ ഭേദഗതി വരുത്തിയിരുന്നു. നിലവിൽ 129 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ ഉള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam