Mon. Dec 23rd, 2024

എറണാകുളം:

പൊതുവേ സാമ്പത്തിക പ്രതിസന്ധിയിലായ കെ എസ് ആർ ടി സിയെ ലോക് ഡൗണ്‍ ശരിക്കും തളര്‍ത്തിയിരിക്കുകയാണ്. വരുമാനം നിലച്ച കെഎസ്ആര്‍ടിസി ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം തന്നെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പകുതിയോളം വെട്ടിക്കുറച്ചിരുന്നു. ലോക് ഡൗണ്‍ നിലവില്‍ വന്നതോടെ സര്‍വീസുകള്‍  പൂര്‍ണമായും നിര്‍ത്തുകയും ചെയ്തു. ഇതോടെ വരുമാനത്തില്‍ വന്‍തോതിലാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. 85 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കിയാല്‍ മാത്രമെ അടുത്ത മാസം ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളു.  ഈ പ്രതിസന്ധിക്ക് പുറമെ ഏറെ നാളുകളായി സര്‍വീസ് മുടങ്ങിയതോടെ ബസ്സുകള്‍ തുരുമ്പെടുത്തും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അടച്ചിടലിനുമുന്‍പ് കെ.എസ്ആര്‍ടിസി ബസുകള്‍ ദിവസവും 16 മുതല്‍ 22 മണിക്കൂര്‍ വരെ ഓടിയിരുന്നു. അതിനാല്‍ ലോക് ഡൗണ്‍ പിന്‍വലിച്ച് കഴിഞ്ഞാലും കട്ടപ്പുറത്തിരിക്കുന്ന ബസ്സുകളില്‍ എത്രയെണ്ണം നിരത്തിലിറങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

By Binsha Das

Digital Journalist at Woke Malayalam