തിരുവനന്തപുരം:
കണ്ണൂർ ജില്ലയിൽ നാല് പേർക്കും, കോഴിക്കോട് രണ്ട് പേർക്കും, കാസര്‍കോട്ട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്ന് 27 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായിട്ടുമുണ്ട്.
കേന്ദ്രം ഇറക്കിയ പട്ടിക അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്സ്പോട്ടുകൾ. എന്നാൽ ആറ് പോസിറ്റീവ് കേസുള്ള പത്തനംതിട്ടയും, മൂന്ന് പോസിറ്റീവ് കേസുള്ള എറണാകുളം, അഞ്ച് കേസുള്ള കൊല്ലം എന്നീ ജില്ലകളിൽ ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. കൊവിഡ് കേസുകൾ സ്ഥിരീകരിക്കാത്ത കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ജില്ലവിട്ടുള്ള യാത്രകൾ അനുവദിക്കില്ല. എന്നാൽ ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.