ന്യൂഡൽഹി:
ഇന്നു രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി രണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേർ കൂടി മരിച്ചതത്തോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് മുന്നൂറ്റി എട്ടായി.
മഹാരാഷ്ട്രയിൽ ഇന്നലെ 134 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചായി. എന്നാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ പേർ രോഗമുക്തരായതും. ഇവിടെ 208 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
179 പേർ രോഗമുക്തരായ കേരളമാണ് രണ്ടാം സ്ഥാനത്ത്. അതേസമയം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലീസുകാരെ ആക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ ഇന്ന് ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം അഞ്ചായി.