ഡൽഹി:
രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധ സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ സൂചന. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരിൽ 40 ശതമാനം ആളുകൾക്കും എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിക്കാത്തതാണ് സമൂഹവ്യാപനത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഒപ്പം ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എന്നതും മറ്റൊരു വസ്തുതയാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നത്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 2 വരെ പരിശോധിച്ച കടുത്ത ശ്വാസകോശ രോഗികളുടെ 5911 സാമ്പിളുകളിൽ 1.8% രോഗികൾക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.