ന്യൂഡൽഹി:
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൌൺ നീട്ടി ഒഡീഷ. ഏപ്രിൽ 14 വരെയുള്ള ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെയാണ് നീട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.
ലോക്ക്ഡൌൺ കാലയളവ് 15 ദിവസം കൂടി നീട്ടിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഒഡീഷ.
കൊറോണ വൈറസ് വ്യാപനം ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് ലോക്ക്ഡൗൺ കാലയളവ് ഏപ്രിൽ 30 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി നവീൻ പട്‌നായിക് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌണും ഏപ്രിൽ മുപ്പതുവരെ നീട്ടാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കാനും വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഈ കാലയളവിൽ, ട്രെയിൻ, വിമാനം എന്നിവ നിർത്തിവയ്ക്കാനും കേന്ദ്രത്തിനോട് അഭ്യർത്ഥിച്ചു.
ലോക്ക്ഡൌൺ കാലയളവിൽ അവശ്യസേവനങ്ങൾ തടസ്സം കൂടാതെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുതരമായ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒഡീഷയിലെ 4.50 കോടി ജനങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.