ന്യൂഡൽഹി:
കൊവിഡിന്റെ പശ്ചാത്തലത്തിൽ ധനവരവ് കുറഞ്ഞതോടെ രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളോട് ചെലവ് കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനത്തിൽ താഴെയേ അടുത്ത 3 മാസം അനുവദിക്കൂ.
കൊവിഡ് പ്രതിരോധത്തിലുള്ള മന്ത്രാലയങ്ങൾക്കൊഴികെയാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്. അതേസമയം, കോവിഡ്-19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ 40 കോടി ജനങ്ങൾ ദാരിദ്ര്യാവസ്ഥയിലേക്ക് പോയേക്കാമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് കോവിഡ് ആഗോള സമ്പദ് വ്യവസ്ഥയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഇന്റർനാഷണൽ ലേബർ അസോസിയേഷൻ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.