മുംബൈ:
മഹാരാഷ്ട്രയിൽ പുതിയതായി ഇരുപത്തിമൂന്നു പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെയുള്ള കൊറോണബാധിതരുടെ എണ്ണം 891 ആയി. ഇതുവരെ അമ്പത്തിരണ്ടു പേർ മരിച്ചിട്ടുണ്ട്. മുംബൈയിൽ പത്തും, പൂനെയിൽ നാലും അഹമ്മദ്‌നഗറിൽ മൂന്നും നാഗ്‌പൂരിലും ബുൽധാനയിലും രണ്ടു വീതവും സാംഗ്ലിയിലും താനെയിലും ഓരോന്നു വീതവും ആളുകൾക്ക് ആണ് ഇന്ന് കൊറോണ വൈറസ് ബാധിച്ചതായി രേഖപ്പെടുത്തിയത്.
ബാന്ദ്രയിൽ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്ക്കു സമീപമുള്ള ഒരു ചായക്കടക്കാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് ഇരുപത്തിരണ്ടുവരെ കച്ചവടം നടത്തിയിരുന്ന അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അയാളുമായി സമ്പർക്കം പുലർത്തിയിരുന്നവരെ തേടിക്കൊണ്ടിരിക്കുകയാണ്.
വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 70 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.
മുംബൈയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്ത ആളുകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ സ്വമേധയാ വന്ന് ആരോഗ്യവകുപ്പിൽ അറിയിക്കണമെന്ന് മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്.