Sat. Jan 18th, 2025
തിരുവനന്തപുരം:

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന്  ഭരണഘടനാപരമായി നിയമ സാധുതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ലന്നാണ് ഗവർണറുടെ അവകാശവാദം.

പൗരത്വ വിഷയം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാണ് കൈകാര്യം ചെയ്യുന്നത്. അതിൽ സംസ്ഥാന സര്‍ക്കാരിനു ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസമാണ് കേരളാ നിയമസഭ പ്രമേയം പാസാക്കിയത്.

നിയസഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാല്‍ ഒഴികെ പ്രതിപക്ഷ അംഗങ്ങള്‍ അടക്കം എല്ലാവരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. അതേസമയം പ്രമേയത്തിനെതിരെ വോട്ട് ചെയ്യാത്തത് മനഃപൂര്‍വമാണെന്ന വിശദീകരണവുമായി രാജഗോപാല്‍ രംഗത്തെത്തി. ഒരാള്‍ മാത്രം എതിര്‍ക്കുന്നതില്‍ കാര്യമില്ല. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം മുഖ്യമന്ത്രിയ്ക്കെതിരായ അവകാശലംഘന നോട്ടീസ് നിലനില്‍ക്കുമെന്നും രാജഗോപാല്‍ കൂട്ടിച്ചേർത്തു.