Fri. Apr 26th, 2024
കൊച്ചി:

 
മരടില്‍ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ നിരാഹാര സമരം നടത്തുന്നവരുമായി മന്ത്രി എ സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരം ശക്തമായതിനെ തുടര്‍ന്നാണ് മന്ത്രി എ സി മൊയ്തിന്‍ പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, മരട് നഗരസഭാ അധ്യക്ഷ എന്നിവര്‍ക്കൊപ്പം സമരസമിതിയിലെ രണ്ടുപേരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന് സമീപം നാട്ടുകാര്‍ കഴിഞ്ഞ ദിവസമാണ് നിരാഹാരസമരം തുടങ്ങിയത്. പരിസരത്തെ വീടുകള്‍ക്കും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം.

ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച അവ്യക്തതകള്‍ നീക്കണമെന്നും, ജനവാസ കേന്ദ്രത്തിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് രണ്ടാം ദിവസത്തേക്ക് മാറ്റണമെന്നും നാട്ടുകള്‍ ആവശ്യപ്പെടുന്നു. ഈ മാസം പതിനൊന്നിനാണ് ആല്‍ഫാ, എച്ച് ടു ഒ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ മറ്റന്നാള്‍ എത്തും.