Wed. Dec 18th, 2024
കണ്ണൂര്‍:

 
ആസൂത്രിത പ്രതിഷേധമാണ് അരങ്ങേറിയത് എന്ന് പ്രമുഖ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. കണ്ണൂരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തെപ്പറ്റിയാണ് എംജിഎസ് നാരായണന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി. സാമൂഹ്യ നീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എന്‍ ആര്‍ സുധാകരനാണ് പരാതി നല്‍കിയിരിക്കുന്നത്.

സംസ്ഥാന ഗവര്‍ണറെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ഗവര്‍ണര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും സംസ്ഥാന സര്‍ക്കാരോ പോലീസ് വകുപ്പോ നിയമനടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇര്‍ഫാന്‍ ഹബീബിന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമമുണ്ടായത്. ഉടന്‍ തന്നെ ഗാര്‍ഡുകള്‍ ഇര്‍ഫാന്‍ ഹബീബിനെ അവിടുന്ന് നീക്കം ചെയ്തെങ്കിലും ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു.

കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും വെളിപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ ഓഫീസിന് നല്‍കിയ ലിസ്റ്റില്‍ വേദിയില്‍ ഇരിക്കേണ്ടവരില്‍ ഇര്‍ഫാന്‍ ഹബീബിന്റെ പേര് ഉണ്ടായിരുന്നില്ല.

അതേ സമയം ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ ഗവര്‍ണര്‍ക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇന്റലിജന്‍സ് മേധാവിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാവീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.

വേദിയില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ കാരണം സംഘാടകരുടെ പിഴവാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാസംഗികരെ തീരുമാനിച്ചത് സംഘാടകരാണ്. പോലീസ് സുരക്ഷ ഒരുക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവര്‍ണര്‍ തനിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഗവര്‍ണര്‍ക്കെതിരെ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കി സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത് വന്നു. ഗവര്‍ണര്‍ ഇരിക്കുന്ന പദവിയുടെ പരിമിതി മനസ്സിലാക്കണമെന്നും രാഷ്ട്രീയ പ്രസ്താവന നടത്തണമെങ്കില്‍ രാജിവച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.