Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ദേശീയ പൗരത്വ നിയമത്തിനെതിരെ നൂറോളം സംഘടനകൾ ചേർന്നു കൊണ്ട് രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഘടനകള്‍ ഒന്നിച്ച് സമരരംഗത്തു അണിനിരക്കുന്നത്. “വീ ദ പീപ്പിള്‍” എന്ന മുദ്രാവാക്യമുയർത്തിയാണ് സമരങ്ങൾ സംഘടിപ്പിക്കുകയെന്ന് സമരസമിതി കോ-ഓർഡിനേറ്റർ യോഗേന്ദ്ര യാദവ് പറഞ്ഞു.

ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാവരെയും “വീ ദ പീപ്പിള്‍” എന്ന ഒറ്റ ബാനറിന് കീഴില്‍ ഒന്നിച്ച് അണിനിരക്കാന്‍ യോഗേന്ദ്ര യാദവ് സ്വാഗതം ചെയ്തു. “വീ ദ പീപ്പിള്‍” എന്നതാണ് ഭരണഘടനയിലെ ആദ്യ വാക്കുകള്‍. അതിനേക്കാള്‍ വലുതല്ല മറ്റൊന്നും,” എന്നാണ് യോഗേന്ദ്ര യാദവ് പറഞ്ഞത്.

ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളുടെ ജന്മ-ചരമവാർഷിക ദിനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഇന്നലെ ചേർന്ന ആലോചന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. “സാവിത്രിബായ് ഫൂലെയുടെ ജന്മദിനമായ ജനുവരി 3നു സമരപ്രക്ഷോഭ പരിപാടിയ്ക്ക്  തുടക്കം കുറിക്കും. ഭരണകൂടത്താൽ കൊല ചെയ്യപ്പെട്ട രോഹിത് വെമുലയുടെ ചരമവാർഷികമായ ജനുവരി 17 നു സാമൂഹിക നീതി ദിനമായി  ആചരിക്കും. മഹാത്മ ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായി ജനുവരി 30ന് അര്‍ദ്ധരാത്രിയില്‍ പതാകയുയര്‍ത്തുകയും രാജ്യം മുഴുവന്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്യും,” സ്വരാജ് അഭിയാന്‍ പാര്‍ട്ടി സ്ഥാപകനായ യോഗേന്ദ്ര യാദവ് പറഞ്ഞു.

മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണ്ണയിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി രാജ്യം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അടിയന്തരാവസ്ഥയ്ക്കു ശേഷം ജനങ്ങള്‍ ഇത്രയധികം പങ്കെടുത്ത മറ്റൊരു സമരമുണ്ടായിട്ടില്ലെന്നും മനുഷ്യവകാശ പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദ് പറഞ്ഞു. സമരസമിതി അംഗങ്ങളായ  മേധാ പട്കര്‍, ഹര്‍ഷ് മന്ദര്‍, കവിത കൃഷ്ണന്‍ എന്നീ സാമൂഹിക പ്രവര്‍ത്തകരും യോഗത്തിൽ സംബന്ധിച്ചു.