തിരുവനന്തപുരം:
കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുമെന്ന് കേരളത്തിലെ വിവിധ രാഷ്ട്രായ-മത-സാമൂഹിക സംഘടനകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
എംഎൽഎമാരും എംപിമാരും പ്രധാന മുന്നണി നേതാക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത മൂന്നുമണിക്കൂറിലധികം നീണ്ട യോഗത്തിൽ ചർച്ചകൾ നടത്താനും തുടർനടപടികൾ തീരുമാനിക്കാനും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തി.
നാടകീയ രംഗങ്ങളാണ് യോഗത്തിന്‍റെ തുടക്കത്തിൽ മസ്കറ്റ് ഹോട്ടലിലെ വേദിയിൽ ഉണ്ടായത്. സര്‍വകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ബിജെപി, പ്രതിനിധികളെയും അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗം തീര്‍ന്നതോടെ കേന്ദ്രവിരുദ്ധ പരിപാടികൾ ചർച്ചചെയ്യുന്ന യോഗത്തിൽ എത്തിയ ബിജെപി പ്രതിഷേധം പരസ്യമാക്കി.
ഗവർണര്‍ക്കെതിരായ അതിക്രമവും ചർച്ചചെയ്യണമെന്ന് എംഎസ് കുമാറും പദ്മകുമാറും ആവശ്യപ്പെട്ടു. ഇതിനെതിരെ യോഗത്തിൽ പ്രതിഷേധം ഉയർന്നതോടെ ബിജെപി പ്രതിനിധികൾ വേദിവിട്ടിറങ്ങുകയായിരുന്നു. പ്രതിഷേധങ്ങളിൽ തീവ്രനിലപാട് സ്വീകരിക്കുന്നവരെ മാറ്റി നിർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രക്ഷോഭങ്ങൾ അതിരുവിടരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
“ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി വലിയ തോതിൽ ഇറങ്ങേണ്ട ഘട്ടമാണിത്. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോൾ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരും” മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വർഗീയ, തീവ്രവാദ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾ പരിധിയിൽ നിൽക്കണമെന്നില്ല. ഇവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ , എംഎൽഎ സി കെ നാണു, കാനം രാജേന്ദ്രൻ, കെഎൻ ബാലഗോപാൽ, ആലിക്കുട്ടി മുസലിയാർ, സികെ വിദ്യാസാഗർ, ഫാദർ മാത്യു മനക്കണ്ടം, മോൻസ് ജോസഫ്, ഫൈസി ഹാജി, ഡോ. സി ജോസഫ്, അഡ്വ. സജയൻ, ജി. ദേവരാജൻ, സിപി ജോൺ, സലാഹുദ്ദീൻ മദനി, രാമഭദ്രൻ, രാധാകൃഷ്ണൻ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഫാദർ സോണി, ഡോ. ഫസൽ ഗഫൂർ, കാസിം ഇരിക്കൂർ എന്നിവർ സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിച്ചു.