ഉത്തര്‍പ്രദേശ്:
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ പൊലീസ് നടപടി വിവാദമാകുന്നു. പൊലീസ് തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായി പ്രിയങ്ക ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റിലായ റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനായ ദാരാപൂരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് ലഖ്നൗ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്ക ഗാന്ധിയെ തടഞ്ഞത്.
പാര്‍ട്ടി പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ വീട്ടിലേക്ക് പോകാനും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് റോഡിലിറങ്ങി നടന്നാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു പൊലീസ് വാദം.
”ഞാന്‍ എന്ത് പറയണം – അവര്‍ എന്നെ റോഡിന് നടുവില്‍ നിര്‍ത്തി. അവര്‍ക്ക് എന്നെ തടയാന്‍ ഒരു കാരണവുമില്ല. എന്തുകൊണ്ടാണ് അവര്‍ ഇത് ചെയ്തതെന്ന് ദൈവത്തിന് മാത്രമേ അറിയൂ”- പ്രിയങ്ക ഗാന്ധി പറഞ്ഞു.