ന്യൂഡല്‍ഹി:
പൗരത്വ ഭേദഗതി നിയമം പാസായി രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതിഷേധത്തിന് അയവില്ല. ദിവസം കൂടുംതോറും രാജ്യത്താകമാനം കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന രാജവ്യാപക സമരത്തിന് കളമൊരുങ്ങുന്നത്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ ജനുവരി ഒന്നുമുതല്‍ ഏഴ് ദിവസം രാജ്യവ്യാപക സമരം നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം. സിപിഎം, സിപിഐ, സിപിഐ(എംഎല്‍), ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി പാര്‍ട്ടികളാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംയുക്ത പ്രസ്താവനയിറക്കിയിരിക്കുന്നത്.
ഒരാഴ്ചത്തെ പ്രക്ഷോഭത്തിനു ശേഷം ജനുവരി എട്ടിന് പൊതുപണിമുടക്ക് നടത്താനും തീരുമാനമായി. ആള്‍ കിസാന്‍ ആന്‍ഡ് അഗ്രികള്‍ചറല്‍ വര്‍ക്കേഴ്‌സ് ജനുവരി എട്ടിന് നടത്തുന്ന ഗ്രാമീണ്‍ ബന്ദിന് പിന്തുണ നല്‍കാനും ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു. ഇടത് തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതി, പൗരത്വ പട്ടിക, ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരേ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലിസ് നടപടിയെ അപലപിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഡിസംബര്‍ 28ന് സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് രാജ്യ വ്യാപകമായി പ്രതിഷേധിക്കും. രാഹുല്‍ ഗാന്ധി അസമിലും പ്രിയങ്ക ഗാന്ധി യുപിയിലും പ്രതിഷേധത്തിന്റെ ഭാഗമാകും. ഡിസംബര്‍ 28ന് സ്ഥാപക ദിനത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പിസിസികള്‍ക്ക് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. എഐസിസിയില്‍ നടക്കുന്ന പരിപാടികള്‍ക്ക് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കും. അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന പ്രതിഷേധ റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി ലഖ്‌നൗവിലെ പരിപാടിയിലും പങ്കെടുക്കും. ഇതിനിടെ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണഘടനയുടെ ആമുഖം അയച്ചിട്ടുണ്ട്. ജനുവരി 1 മുതല്‍ 7 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം. 8ന് ദേശ വ്യാപക പ്രതിഷേധവും സംഘടിപ്പിക്കും
ഡെല്‍ഹി, ആസ്സാം, മുംബൈ, യുപി, കര്‍ണാടക, കേരള, തമിഴനാട്, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ യുപിയിലും കര്‍ണാടകയിലും ബിജെപി സര്‍ക്കാര്‍ പ്രതിഷേധക്കാരെ തോക്കും ലാത്തിയും കൊണ്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെ കേന്ദ്രപോലീസ് അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് യുപിയിലും കര്‍ണാടകയിലും പോലീസ് നരനായാട്ട് നടന്നത്. യുപിയില്‍ പോലീസ് അതിക്രമം ഇപ്പോഴും തുടരുകയാണ്. ഗുജറാത്ത്, ഡല്‍ഹി വംശഹത്യയ്ക്ക് സമാനമായ ക്രൂരതയാണ് യുപിയില്‍ നടക്കുന്നതെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.