Sun. Dec 22nd, 2024
ലഖ്നൗ:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ 124 പേർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു. ഇതിൽ 93 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 9856 ഫേസ്ബുക്ക് അക്കൗണ്ടുകളും, 181 യൂ ട്യൂബ് ചാനലുകളും യുപി പോലീസ് ബ്ളോക്ക് ചെയ്തു.

അതേസമയം ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കില്ല. വ്യാഴാഴ്ച വൈകീട്ട് മുതല്‍ ശനിയാഴ്ച വരെയാണ് ഇന്റര്‍നെറ്റ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

പല കള്ളങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുന്നുണ്ട് എന്ന് എസ്എസ്പി ദിനേഷ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. ഇത് തടയാനാണ്   ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ടെലികോം സര്‍വീസ് കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ദിനേഷ് കുമാര്‍ അറിയിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ഇനിയും നടക്കാൻ സാധ്യത ഉള്ളതിനാലാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതെന്നാണ് ഉത്തർ പ്രദേശ് സർക്കാറിന്റെ ഔദ്യോഗിക തലത്തിൽ നിന്നുള്ള വിശദീകരണം.