Wed. Jan 22nd, 2025
ലഖ്നൌ:

 
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്കാണ് പോലീസ് നോട്ടീസ് നല്‍കിയത്. 14 ലക്ഷം രൂപയാണ് ഇവര്‍ പിഴയായി ഒടുക്കേണ്ടത്. പ്രതിഷേധക്കാര്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികാരം ചെയ്യുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം

യുപിയില്‍ യുദ്ധസമാനമായ പ്രക്ഷോഭമാണ് അരങ്ങേറിയത്. പോലീസ് വെടിവെപ്പില്‍ പതിനാറ് പേര്‍ കൊല്ലപ്പെടുകയും ചെയ്യ്തു. പ്രതിഷേധ സമരത്തിനിടെ വലിയ രീതിയിലുള്ള അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായി. പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നോട്ടീസ് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ക്ക് നോട്ടിസ് നല്‍കിയത്. 28 പ്രതിഷേധക്കാര്‍ക്കെതിരെയാണ് യു.പി പോലീസ് ഇപ്പോള്‍ നോട്ടിസ് അയച്ചതെങ്കിലും വരും ദിവസങ്ങളില്‍ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യത. ഇവര്‍ 14.86 ലക്ഷമാണ് പിഴയടക്കേണ്ടത്. പോലീസിന്റെ മോട്ടോര്‍ സൈക്കിളുകള്‍, ബാരിയര്‍, ലാത്തി തുടങ്ങിയവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിച്ചെന്നാണ് ആരോപണം.