Sat. Apr 27th, 2024
ഗാന്ധിനഗര്‍:

 
മുസ്ലീങ്ങള്‍ക്ക് താമസിക്കാൻ വേണ്ടി ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാൻ ഇന്ത്യ മാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കൊണ്ട് സബര്‍മതി ആശ്രമത്തിനു സമീപം സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരു അദ്ദേഹം.

ഇന്ത്യ-പാക്കിസ്ഥാൻ വിഭജന സമയത്തു 22 ശതമാനം ഹിന്ദുക്കളാണ് പാക്കിസ്ഥാനിൽ ഉണ്ടായിരുന്നത്. നിരന്തരമായ പീഡനവും, ബലാത്സംഗവും കൂടിയത് കൊണ്ട് ഹിന്ദുക്കളുടെ ജനസംഖ്യ 3 ശതമാനമായി കുറഞ്ഞു. അവർ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. പീഡിതരായ ഹിന്ദുക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും വിജയ് രൂപാണി പറഞ്ഞു.

പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും,സിഖുകാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന ഗാന്ധിജിയുടെ നിർദേശത്തെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അംഗീകരിച്ചിട്ടുള്ളതാണ്. പിന്നെ എന്തിനാണ്  പൗരത്വ ഭേദഗതി നിയമത്തെ കോൺഗ്രസ് എതിർക്കുന്നതെന്നു വ്യക്തമാക്കണമെന്നും രൂപാണി ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ ബിജെപി നേതാക്കളും, സര്‍ക്കാരും ചേർന്നു ജനങ്ങളെ കോർത്തിണക്കി റാലികളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു വരുകയാണ്.

എന്നാൽ കേരളം ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.