Fri. Nov 22nd, 2024
ലഖ്‌നൌ:

 
ലഖ്‌നൗ ഉൾപ്പെടെ ഉത്തർപ്രദേശിലെ ഏഴ് പ്രധാന നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.

സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം നേരിടുന്ന നഗരങ്ങളിൽ ലഖ്‌നൗ, ബറേലി, അലിഗഡ്, ഗാസിയാബാദ്, പ്രയാഗ്‌രാജ്, സാംബൽ, മീററ്റ്, മൌ, കാൺപൂർ എന്നിവയും ഉൾപ്പെടുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച നടന്ന പ്രതിഷേധം ലഖ്‌നൗവിലും സാംബലിലും അക്രമാസക്തമാവുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ വലിയ തോതിൽ നശിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്.

ഡിസംബർ 21 അർദ്ധരാത്രി വരെ നിയന്ത്രണം തുടരുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവനീഷ് അവസ്തി പറഞ്ഞു. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും സർക്കാർ ഉത്തരവിനു ശേഷം അവരുടെ സേവനം നിർത്തലാക്കി.
 
നിരവധി നഗരങ്ങളിൽ വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം നടത്താൻ ആസൂത്രണം ചെയ്ത പ്രതിഷേധം കണക്കിലെടുത്താണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി അക്രമാസക്തമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്തത് സ്ഥിതിഗതികൾ വഷളാക്കിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്റർനെറ്റിനു പുറമെ എസ്എംഎസ്, മെസഞ്ചർ സേവനങ്ങളും തടഞ്ഞിട്ടുണ്ട്. ഇത് തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കാൻ ശ്രമിക്കുകയാണെന്ന് ലഖ്‌നൗവിലെ ഒരു സ്വകാര്യ ടെലികോം മാനേജർ പറഞ്ഞു.

ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നത് പ്രധാനമായും വാർത്താ പ്രക്ഷേപണത്തിനായി ഇന്റർനെറ്റിനെ ആശ്രയിക്കുന്ന വാർത്താവ്യവസായത്തെ ബാധിക്കും.