Mon. Dec 23rd, 2024

ബംഗളൂരു:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധങ്ങൾ തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്തു മംഗളൂരുവിൽ ഇന്ന് രാത്രി 12 മണി വരെയും ബംഗളൂരുവിൽ 21 വരെയും നിരോധനാജ്ഞ പുറപ്പെടുവിച്ചു.

എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയ പൗരത്വ  നിയമത്തിനെതിരായി ജാമിയ-അലിഗഡ് തുടങ്ങിയ സര്‍വകലാശാലകളിലെ  വിദ്യാര്‍ത്ഥി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മദ്രാസ് കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടങ്ങിയത്.
ക്യാംപസിനകത്ത് പ്രതിഷേധിച്ചിരുന്ന മുപ്പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്. എന്നാല്‍, കേന്ദ്ര സർക്കാർ നിയമം റദ്ദുചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

വിദ്യാര്‍ത്ഥികളുടെ  പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന്‍ കമല്‍ഹാസനെ പൊലീസ് തടഞ്ഞിരുന്നു. “നിങ്ങളുടെ കൂടെ നിക്കേണ്ടത് എന്റെ കടമയാണെന്ന ബോധ്യത്തിന്റെ പുറത്താണ് ഞാന്‍ സമരത്തിൽ പങ്കെടുക്കാൻ വന്നത്. നിങ്ങള്‍ നിങ്ങളുടെ നിലപാടില്‍ തന്നെയിരിക്കൂ. ഇത് നിങ്ങളുടെ കടമയാണ്,” എന്നാണ് സമരക്കാരോട്   കമല്‍ഹാസന്‍ പറഞ്ഞത്.

ഉത്തർപ്രദേശിലെ അസംഗഡിൽ പ്രക്ഷോഭം സംഘർത്തിൽ കലാശിച്ചതോടെ പൊലീസ് ലാത്തിവീശി. പ്രദേശത്ത് 2 ദിവസത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി. ജാമിയയിൽ   ഞായറാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ എംഎൽഎ അടക്കം 7 പേർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.

അതേസമയം രാജ്യമെമ്പാടും അണയാത്ത പ്രതിഷേധം തുടരുമ്പോഴും ദേശീയ പൗരത്വ ഭേദഗതി നിയമം  നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി ഗുജറാത്ത്, കർണാടക, ഒഡീഷ മുഖ്യമന്ത്രിമാർ രംഗത്തെത്തി.