Sat. Apr 5th, 2025
ന്യൂഡൽഹി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജന്തര്‍മന്ദിറില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചരിത്രകാരിയും, സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാർ ഇന്ത്യയെ ജമ്മു കശ്മീര്‍ ആക്കാന്‍ നോക്കുകയാണ്. കശ്മീരികളോട് സർക്കാർ കാണിച്ചുകൂട്ടിയതിനൊന്നും കണക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു. “രാജ്യത്ത് ഇന്ന് ഇന്റര്‍നെറ്റ് ഇല്ല. കശ്മീരില്‍ എന്തൊക്കെ നടന്നിട്ടുണ്ട്. അതെല്ലാം കേന്ദ്രം ഇന്ത്യയില്‍ മൊത്തം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്,” അരുന്ധതി റോയ് പറഞ്ഞു.
അവര്‍ കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ അടിച്ചു. ലൈബ്രറി തകര്‍ത്തു. എഎംയുവിലും അത് തന്നെ സംഭവിച്ചു. ഇത് വളരെ അപകടം പിടിച്ച ഒന്നാണ്. ഇന്ന് അത് പൊലീസാണെങ്കില്‍ നാളെയത് ഹിന്ദുത്വ ആള്‍ക്കൂട്ടമായിരിക്കും. ഇവിടെ എന്തും സംഭവിക്കാം. ഇത് അവസാനിക്കേണ്ടതുണ്ട്,” അരുന്ധതി റോയ് പറഞ്ഞു.

ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഇപ്പോഴല്ലെങ്കിൽ, രണ്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അരുന്ധതി റോയ് പ്രതികരിച്ചു.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കുകള്‍ക്ക് മുന്നില്‍ വളരെ അച്ചടക്കത്തോടെ നാം വരിനിന്നു. അത് നമുക്കുമേല്‍ ചുമത്തപ്പെട്ടതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത ഒരു പദ്ധതിയായിരുന്നു അത്. ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും നമ്മുടെ ഭരണഘടനയെ തകര്‍ക്കുകയാണ് എന്നായിരുന്നു അരുന്ധതി റോയ് പറഞ്ഞത്. ഇതിനകം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ നിയമത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർത്ഥികൾ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള ആളുകൾ തെരുവില്‍ പ്രതിഷേധിക്കുകയാണെന്ന് നേരത്തെ അവരുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.