Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. ജനുവരി രണ്ടാം വാരം മറുപടി നല്‍കാനും നിര്‍ദ്ദേശമുണ്ട്. ജനുവരി 22 ന് കേസ് വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്. നിയമം റദ്ദാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു.

മുസ്‌ലിം ലീഗ്, ഓൾ അസം വിദ്യാർത്ഥി യൂണിയൻ, അസം ഗണപരിഷത്ത്, ഓൾ അസം അഭിഭാഷക അസോസിയേഷൻ, തൃണമൂൽ എംപി മൊഹുവ മൊയ്ത്ര തുടങ്ങി മിക്ക പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഹര്‍ജി നല്‍കിയിരുന്നു. കാന്തപുരം എപി അബൂബക്കർ മുസലിയാര്‍ അദ്ധ്യക്ഷനായ കേരള മുസ്‌ലിം ജമാഅത്തും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.