Wed. Jan 22nd, 2025

കൊല്‍ക്കത്ത:

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എപ്പോഴും രാഷ്ട്രീയ മുന്നേറ്റങ്ങൾക്കായി എപ്പോഴും തിരഞ്ഞെടുക്കുന്നത് കൊൽക്കത്തയിലെ തെരുവുകളാണ്. പൗരത്വ രജിസ്റ്ററിനെതിരായും ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രണ്ട് റാലികളാണ് മമതയുടെ മുൻകയ്യിൽ നടന്നത്.

തന്റെ ശവശരീരത്തില്‍ ചവിട്ടിയല്ലാതെ രണ്ട് നിയമങ്ങളും നടപ്പിലാക്കാന്‍ ഇവിടെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് റാലികള്‍ നടത്തിയത്. നന്ദിഗ്രാം – സിംഗൂര്‍ സമരങ്ങൾ, ഐഎസ്എസ് ഓഫീസര്‍ രാജീവ് കുമാറിനെതിരെ സിബിഐയുടെ ഇടപെടൽ ഉണ്ടായപ്പോഴും മമത തെരുവിലാണ് സമരം നടത്തിയത്.

അതേസമയം 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 34 സീറ്റുകളാണ് ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. എന്നാൽ 2019ല്‍ ഇത് 22 സീറ്റുകളായി കുറയുകയും ബിജെപി രണ്ടില്‍ നിന്ന് 18 സീറ്റിലേക്ക് ഉയരുകയും ചെയ്തിരുന്നു. ഇതിനു ശേഷം ബിജെപിക്കെതിരെയുള്ള സമരം സജീവമാക്കാന്‍ മമതയും തൃണമൂലും തീരുമാനിച്ചിരുന്നു.

പൗരത്വ രജിസ്റ്ററിനെതിരായും ദേശീയ പൗരത്വ ഭേദഗതിക്കെതിരെയും  മമത നടത്തിയ സമരങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ സഹായിച്ചെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കൂടാതെ ബുദ്ധിജീവികളും, വിദ്യാര്‍ത്ഥികളും, സാംസ്‌കാരിക പ്രവർത്തകരുടെയും  പിന്തുണ നേടാൻ മമതക്കു കഴിഞ്ഞു.  ഇനിയും സമാന രീതിയുള്ള റാലികള്‍ നടത്താനാണ് മമതയുടെ തീരുമാനം.