Fri. Apr 19th, 2024
ജാര്‍ഖണ്ഡ്:

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളാണ്, നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു.

സര്‍ക്കാരിന്‍റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകണം. ജനാധിപത്യപരമായി പ്രതിഷേധിക്കണം, സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ തയ്യാറാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. എല്ലാ പാക്കിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം  നൽകണമെന്നാണ് പ്രക്ഷോഭത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്, മുസ്‌ലിംകൾക്കിടയിൽ ഭയം പ്രചരിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

“ഞാൻ കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കോൺഗ്രസിനും പ്രതിപക്ഷപാർട്ടികൾക്കും ധൈര്യമുണ്ടെങ്കിൽ എല്ലാ പാക്കിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകാൻ അവർ തയാറാണെന്നു പരസ്യമായി പ്രഖ്യാപിക്കട്ടെ. അങ്ങനെ എങ്കിൽ രാജ്യം തന്നെ അവർക്ക് നൽകേണ്ടി വരും” മോദി പറഞ്ഞു.

കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്തിയത് നുഴ‍ഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കിക്കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കു കൂടി വേണ്ടിയാണ് ഈ നിയമം സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതു സംബന്ധിച്ച് പച്ചക്കള്ളമാണ് കോണ്‍ഗ്രസ്സ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു പൗരനെയും ദോഷകരമായി ഈ നിയമം ബാധിക്കില്ലെന്നും മോദി വ്യക്തമാക്കി. ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

അതെ സമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം ശക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയും സ്‌കൂള്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. നഗരത്തിലെ പോലീസ് ബൂത്തിന് തീയിട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് രണ്ട് പോലീസുകാരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് സീലംപൂരില്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സുരക്ഷയെ കരുതി ഏഴു മെട്രോ സ്‌റ്റേഷനുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.