Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബിജെപി സര്‍ക്കാർ ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധിയുടെ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണ് ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയതെന്നും, രാജ്യത്തെ വെറുപ്പിന്റെ അഗാധതയിലേയ്ക്ക് തള്ളിയിട്ടു കൊണ്ട് യുവജനങ്ങളുടെ ഭാവിയെ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാറെന്നും സോണിയ പറഞ്ഞു

യുവാക്കളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം നടക്കുന്നത്. ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് സല്‍ഭരണത്തിലൂടെ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. എന്നാല്‍ ബിജെപി സര്‍ക്കാർ സ്വന്തം ജനതക്കു മേല്‍ യുദ്ധ പ്രഖ്യാപനമാണ് നടത്തുന്നതെന്നും സോണിയ ഗാന്ധി ആരോപിക്കുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള ധൈര്യം അമിത് ഷാക്ക്  ഇല്ല.
അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ പ്രതിഷേധങ്ങൾ കൊണ്ട്  കത്തുകയാണ്. പോലീസ് വെടിവെപ്പില്‍ അസമില്‍ മാത്രം നാലു യുവാക്കളാണ്  കൊല്ലപ്പെട്ടത്. രാജ്യത്തെല്ലായിടത്തും വിദ്യാർത്ഥികൾ തെരുവിൽ  സമരം ചെയ്യുകയാണ്. നീതിക്കു വേണ്ടി സമരം ചെയ്യുന്നവരെ  തീവ്രവാദികളും നക്‌സലൈറ്റുകളും വിഘടനവാദികളുമാക്കി മുദ്രകുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടതു കൊണ്ടാണ് കേന്ദ്ര
സര്‍ക്കാര്‍ ഇത്തരം നയങ്ങൾ നടപ്പിലാക്കുന്നതെന്നും സോണിയാ ഗാന്ധി അവരുടെ പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.