Sat. Apr 5th, 2025
കൊച്ചി ബ്യൂറോ:

 
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് നടി അമല പോളും രംഗത്തുവന്നിരിക്കുകയാണ്.

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് അമല പോള്‍ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ആഷിഖ് അബുവും ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇട്ടിട്ടുണ്ട്.

 

ഡല്‍ഹി പോലീസിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഒരു വിദ്യാര്‍ത്ഥിനി പോലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, ഡല്‍ഹി പോലീസിനെ വിമര്‍ശിച്ച് നിരവധി താരങ്ങളാണ് രംഗത്തുവന്നത്. പാര്‍വതി തിരുവോത്ത്, തന്‍വി റാം, അനാര്‍ക്കലി, രജിഷ വിജയന്‍, അനുരാഗ് കശ്യപ് തുടങ്ങി നിരവധി താരങ്ങള്‍ ജാമിയ മിലിയ സര്‍വകലാശാലയിലേത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇനി നിശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും ഈ സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നും ആയിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചത്. ഹൃദയം കൊണ്ട് ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്നായിരുന്നു പാര്‍വതി തിരുവോത്ത് പറഞ്ഞത്.

By Binsha Das

Digital Journalist at Woke Malayalam