Thu. Dec 19th, 2024
(woke file photto)
ന്യൂഡൽഹി:

 
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ കർണാടകയിലെ കലബുറഗിയിൽ പ്രതിഷേധം തടയാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗം നേതാവ്  ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ പൗരത്വ ബിൽ കീറിയെറിഞ്ഞു. പ്രതിഷേധം ചൂടുപിടിക്കുന്നതിനിടെ ഡൽഹിയിൽ ഇന്ന് കോൺഗ്രസ്​ വൻ റാലി സംഘടിപ്പിക്കും.

അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  പ്രതിഷേധം തുടരുകയാണ്. അസമിൽ ഗതാഗതം സ്തംഭിപ്പിച്ച പ്രക്ഷോഭകർ റെയിൽവേ സ്റ്റേഷനു തീവയ്ക്കുകയും ബോഗികൾ തകർക്കുകയും ചെയ്തു. പലയിടത്തും ഇന്ധനവിതരണം മുടങ്ങിയിരിക്കുകയാണ്. അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നതിന് നിശാനിയമത്തിൽ ഇളവനുവദിച്ചു.

ഗുവാഹത്തിയിൽ നിശാനിയമം അനിശ്ചിതകാലത്തേക്കു നീട്ടി. ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാലയിൽ അധ്യാപകരും വിദ്യാർത്ഥികളും മാർച്ചിന് ആഹ്വാനം നൽകിയതിനെ തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റ് തടഞ്ഞു.

അരുണാചൽ പ്രദേശിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഷില്ലോങ്ങിന്റെ നിശാ നിയമത്തിന് ഇളവ് നൽകിയെങ്കിലും ഇന്റർനെറ്റ് സേവനം പുനരാരംഭിച്ചിട്ടില്ല.

പൗരത്വ നിയമത്തിനെതിരെ കൂടുതൽ മുഖ്യമന്ത്രിമാർ രംഗത്തു വന്നു. കേരള മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിനു കേരളത്തിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ, പ്രക്ഷോഭത്തെ യുദ്ധമായാണ് കാണുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഛത്തീസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.