Thu. Apr 25th, 2024

അസം:

പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാതെ കേന്ദ്രം പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത് തിരിച്ചടിയാകുന്നു. നിയമം നിലവിൽ വന്നതോടെ അസമിൽ  പലയിടത്തും ബിജെപി നേതാക്കൾ പാർട്ടി വിടുകയാണ്.

അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി യിലെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. അസമിലെ പ്രശസ്തന നടനും, അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും ബിജെപി വിട്ടു.‘ഞാന്‍ ഞാനായതിന് കാരണം അസമിലെ ജനങ്ങളാണ്. എന്റെ ചെയർമാൻ സ്ഥാനവും, പാര്‍ട്ടി അംഗത്വും രാജിവെക്കുകയാണ്. ജനങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകും’ ജതിന്‍ ബോറ വ്യക്തമാക്കി.

മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍  തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചു.‘പൗരത്വനിയമം അസം ജനതയ്‌ക്കെതിരാണ്. ഈ നിമിഷം മുതല്‍ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ ഞാനും ഭാഗമാണ്. ഞാന്‍ രാജി വെക്കുന്നു’ വെന്ന്  ജഗദീഷ് ഭൂയന്‍ പറഞ്ഞു. കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത്  അസം ജനതയുടെ മനോവികാരം കണക്കിലെടുത്താതെയാണ്  സംസ്ഥാനത്തെ ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും വെറുതെയല്ലെന്ന് അസം സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും പ്രതികരിച്ചു. വിവിധ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും ഭാഷകള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള ശക്തമായ സാധ്യത ഇത്തരമൊരു നിയമത്തിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സ്പീക്കര്‍ പുലകേഷ് ബോഹ്‌റയും ബിജെപി യില്‍ നിന്ന് രാജിവെച്ചിരുന്നു.