ന്യൂഡല്‍ഹി:
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി.
ഗുജറാത്ത് ഗാന്ധിനഗറിലെ ഫിനാന്‍സ് ടെക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം.
ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ഇവിടെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് റിസര്‍വ് ബാങ്ക്, സെബി, ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐആര്‍ഡിഎഐ) എന്നിവയുടെ മേല്‍നോട്ടത്തിലാണ്.
എന്നാല്‍ പുതിയ ബില്ലില്‍ എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിന് ഏകജാലക സംവിധാനത്തില്‍ അതോറിറ്റി രൂപീകരിക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്.
ധനകാര്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍, റിസര്‍വ് ബാങ്ക്, സെബി, ഐആര്‍ഡിഎഐ പ്രതിനിധികള്‍ ഈ അതോറിറ്റിയില്‍ അംഗങ്ങളായിരിക്കും.
ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള ധനവിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കുകയും ഇന്ത്യയിലെ സാമ്പത്തിക വിപണികളുടെ വികസനം സാധ്യമാക്കുകയും ചെയ്യും ഈ ബില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.