Fri. Apr 19th, 2024
#ദിനസരികള്‍ 963

തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാവിലെ സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ തങ്ങളുടെതന്നെ ആയുധം തട്ടിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കീഴടങ്ങാനാവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ ആക്രമണം തുടര്‍ന്നപ്പോഴാണ് തിരിച്ചു വെടിവെയ്ക്കേണ്ടിവന്നതെന്നും അങ്ങനെയുണ്ടായ പ്രത്യാക്രമണത്തിലാണ് പ്രതികള്‍ കൊല്ലപ്പെടുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും കേസിലെ പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നീ നാലുപേരും കൊല്ലപ്പെട്ടു.

വെടിവെയ്പ്പില്‍ പ്രതികള്‍ മരിച്ചതിനെക്കുറിച്ച് 2012 ല്‍ കൂട്ടബലാല്‍സംഗം ചെയ്ത് ഡല്‍ഹിയിലെ ബസിൽ നിന്നും വലിച്ചെറിഞ്ഞു കൊന്ന നിര്‍ഭയയുടെ അമ്മ പറഞ്ഞത് എന്റെ മകള്‍ക്ക് ഭാഗികമായി നീതികിട്ടി എന്നാണ്. തെലങ്കാനയിലെ വനിതാ ഡോക്ടറുടെ കുടുംബവും പ്രതികള്‍ കൊല്ലപ്പെട്ടതില്‍ സന്തോഷമാണെന്നാണ് പ്രതികരിച്ചത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയും പ്രതികള്‍ കൊല്ലപ്പെട്ടതിനെ സ്വാഗതം ചെയ്തു. അതോടൊപ്പം സാമൂഹ്യ –രാഷ്ട്രീയ- സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിയായ ആളുകളും പോലീസിന്റെ നടപടികളെ സ്വാഗതം ചെയ്തു.

നീതി നടപ്പിലായി എന്ന തലത്തിലായിരുന്നു പൊതുവേ അത്തരം പ്രതികരണങ്ങളുടെയെല്ലാം അന്തസത്ത. അതോടൊപ്പം അവര്‍ മറ്റു ചില ന്യായങ്ങളും നിരത്തുന്നുണ്ട്. നീണ്ടുനീണ്ടുപോകുന്ന വിചാരണക്കാലമാണ് അതിലൊന്ന്. അവസാനം പലപ്പോഴും കുറച്ചു കാലത്തെ ജയില്‍ ജീവിതത്തില്‍ പ്രതികളുടെ ശിക്ഷ അവസാനിക്കും. പലപ്പോഴും തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അഭാവത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ ഇറങ്ങിപ്പോരുകയും ചെയ്യും.

ഇതൊക്കെ ജനങ്ങളുടെ മനസ്സിലുണ്ടാക്കിയ ആശങ്കകളാണ് പല്ലിനു പല്ല് എന്ന പോലീസ് നയത്തെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചത്. എവിടേയുമെത്താതെ നില്ക്കുന്ന അഭയക്കേസും ഗോവിന്ദച്ചാമിയുമൊക്കെയടങ്ങുന്ന നിരവധിയായ കേസുകള്‍ നമ്മുടെതന്നെ അനുഭവങ്ങളാണല്ലോ. അതുമാത്രവുമല്ല നിര്‍ദാക്ഷിണ്യം പോലീസ് നടത്തിയ ഇത്തരം നടപടികള്‍ ബലാല്‍സംഗം പോലെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങളെ തടയാനുതകുകതന്നെ ചെയ്യും എന്നും അവര്‍ പ്രതീക്ഷിക്കുന്നു.

സ്വാഭാവികമായും “അച്ഛന്‍ അമ്മ സഹോദരന്‍ സഹോദരി” എന്നിങ്ങനെയുള്ള വിവിധങ്ങളായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഇത്തരത്തില്‍തന്നെ പ്രതികരിച്ചു പോകും. അവര്‍ ആലോചിക്കുന്നത് അത്തരമൊരു ക്രൂരമായ സംഭവം സ്വന്തം കുടുംബത്തിലാണ് സംഭവിച്ചതെങ്കിലോ എന്നായിരിക്കും. കൊന്നുകളയണം എന്നു തന്നെയാകും ആ തരത്തില്‍ ചിന്തിക്കുന്ന ഏതൊരാളുടേയും പ്രതികരണം.

ന്യായം സ്ഥാപിച്ചെടുക്കാനുള്ള അമിതമായ ഈ വ്യഗ്രത നിയമത്തിന്റെ വഴികളെ തിരസ്കരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോയെന്നുപോലും ആലോചിക്കാന്‍ അവരെ സമര്‍ത്ഥരാക്കുന്നില്ല. അതായത് ഒരു വികാരത്തള്ളിച്ചയുടെ ബഹിര്‍സ്ഫുരണമാണ് പ്രതികളെ എത്രയും പെട്ടെന്ന് കൊന്നുകളഞ്ഞുകൊണ്ട് ‘പാഠംപഠിപ്പി’ക്കണമെന്ന ആവശ്യം. ഒരല്പം കടത്തിപ്പറഞ്ഞാല്‍ ഇങ്ങനെ ആവശ്യപ്പെടുന്നവരും ഒരു തരം കുറ്റകൃത്യവാസന ഉള്ളില്‍ പേറുന്നവര്‍ തന്നെയാണ്.

അവസരങ്ങള്‍ കിട്ടിയാല്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള കുറ്റകൃത്യങ്ങളേയും ഇക്കൂട്ടര്‍ ന്യായീകരിച്ചെടുക്കുകയോ പങ്കുപറ്റുകയോ ചെയ്യും.നാലു പ്രതികളെ വെടി വെച്ചു കൊന്നതില്‍ കൈയ്യടിക്കുന്നവരും ഒരു കുറ്റകൃത്യത്തെ തന്നെയാണല്ലോ പ്രോത്സാഹിപ്പിക്കുന്നത്.

എന്തായാലും ഈ വൈകാരികതയില്‍ നിന്നുകൊണ്ടല്ല പൗരബോധമുള്ള ജനാധിപത്യസമൂഹം പ്രവര്‍ത്തിക്കേണ്ടത് എന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെ നിയമമാണ് വാഴ്ച നടത്തേണ്ടത് പോലീസിന്റെ പൈശാചികതയല്ല. അതു നടപ്പിലാകേണ്ടതാകട്ടെ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെയുമാണ്. മറിച്ചുള്ളതെല്ലാം കാടത്തമാകുന്നു.

നിയമം നടപ്പിലാക്കുന്നതിലുള്ള താമസവും പിഴവുമൊക്കെ പോലീസിനോ ആള്‍ക്കൂട്ടങ്ങള്‍‌ക്കോ തങ്ങളുടെ നീതിയെ നടപ്പിലാക്കാനുള്ള ഒഴികഴിവുകളല്ല. തെലങ്കാലന കേസില്‍ രാജ്യത്ത് നിയമവാഴ്ച നിലനില്ക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതും ബോധ്യപ്പെടുത്തേണ്ടതുമായ ബാധ്യത ഭരണാധികാരികള്‍ക്കുണ്ട് എന്നതുകൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവര്‍‌ക്കെതിരെ കൊലക്കുറ്റം ചുമത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.