Fri. Apr 26th, 2024
#ദിനസരികള്‍ 962

ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാറുന്നുവെന്ന് വലിയ തലക്കെട്ടില്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ ഇന്നലെ ആഘോഷിച്ചത് നാം കണ്ടു.അത്തരമൊരു മാറ്റത്തെ മുന്‍നിറുത്തി ദൃശ്യമാധ്യമങ്ങള്‍ കൊണ്ടു പിടിച്ച ചര്‍ച്ചയും നടത്തി.സെക്രട്ടറി അവധിക്ക് അപേക്ഷിച്ചുവെന്നും പകരം ആരായിരിക്കും എന്നതുമായിരുന്നു ഈ ചര്‍ച്ചകളുടെ കാതല്‍.

പിന്നാലെ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ആലോചനയിലില്ലാത്ത വിഷയമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടും മാധ്യമങ്ങള്‍ തങ്ങള്‍ കൊടുത്ത വാര്‍ത്ത തിരുത്താന്‍ തയ്യാറായിട്ടില്ല. എന്നു മാത്രവുമല്ല പകരം ചുമതല ഇന്നയാള്‍ക്ക് എന്നാവര്‍ത്തിച്ചുകൊണ്ട് തങ്ങള്‍ കൊടുത്ത വാര്‍ത്ത ശരിയാണെന്ന് സ്ഥാപിക്കുവാനാണ് അവര്‍ വീണ്ടും ശ്രമിക്കുന്നത്.

ഇവിടെയാണ് മാധ്യമങ്ങളുടെ വാര്‍ത്തവില്പനയുടെ അന്തസാര ശൂന്യത നമുക്ക് വ്യക്തമാകുന്നത്. ചികിത്സക്കുവേണ്ടിയാണ് അവധിയില്‍ പോകുന്നതെന്നാണ് ഈ മാധ്യമങ്ങള്‍തന്നെ എഴുതിയിരിക്കുന്നത്. ഒരു പാര്‍ട്ടിയുടെ സെക്രട്ടറി ചികിത്സാര്‍ത്ഥം അവധയില്‍ പോകുന്നുവെങ്കില്‍ത്തന്നെ ഇത്രയും ആഘോഷിക്കാന്‍ മാത്രം എന്താണ് അതിലുള്ളത്?

വിവാദമായ മറ്റെന്തെങ്കിലും സംഭവവികാസങ്ങളെത്തുടര്‍ന്നാണ് അത്തരമൊരു മാറ്റമെങ്കില്‍ കാര്യം ശരിയാണ്, മാധ്യമങ്ങള്‍ക്ക് ആഘോഷിക്കുവാനുള്ള അവസരമുണ്ട്. എന്നാല്‍ അത്തരമൊരു പ്രാധാന്യവും ഈ വാര്‍ത്തക്കില്ല. എന്നിട്ടും ഒരു തരം വൈരാഗ്യബുദ്ധിയോടെയാണ് ആ വാര്‍ത്ത ചമച്ചെടുത്തിരിക്കുന്നത്.

അതേ സമയം വളരെയേറെ പ്രാധാന്യമുള്ള പൗരത്വനിയമ ഭേദഗതി ബില്‍ അപ്രധാനമായ ഒരു വാര്‍ത്തയായി മാറി എന്നതാണ് പാര്‍ട്ടി സെക്രട്ടറിയുടെ മാറ്റം പ്രസിദ്ധീകരിച്ചിരിക്കുന്നതേക്കാള്‍ എന്നെ ഞെട്ടിച്ചത്. നമ്മുടെ രാജ്യത്തെ ഒരു വിഭാഗം ജനതയോട് വളരെ വ്യക്തമായി വേര്‍തിരിവ് കാണിക്കുന്ന ആ നിയമം ഭരണഘടനയെത്തന്നെ നിഷേധിക്കുന്നതും ജനതയെ വിഭജിക്കുന്നതുമാണ്. അതുവഴി ഇന്ത്യയില്‍ കാലങ്ങളായി ജീവിച്ചു വരുന്ന മുസ്ലിം ജനവിഭാഗത്തെ ഒറ്റപ്പെടുത്തി രാജ്യത്തുനിന്നും പുറത്താക്കാനുള്ള കുത്സിതനീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്.

ഹിന്ദു, കൃസ്ത്യന്‍, പാഴ്സി, സിഖ്, ജൈനർ, ബുദ്ധര്‍ തുടങ്ങിയവരെ പൗരന്മാരായി അംഗീകരിക്കാനുള്ള തീരുമാനമുണ്ടായപ്പോള്‍ മുസ്ലീംങ്ങളെ മാത്രമാണ് ഒഴിച്ചു നിറുത്തിയത്. അത് വ്യക്തമായ പക്ഷപാതമണ്. വര്ഗ്ഗീയതയെ ഊട്ടിയുറപ്പിക്കുന്നതും ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെ നിഷേധിക്കുന്നതുമാണ്. എന്നിട്ടു പോലും നമ്മുടെ മാധ്യമങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയാതെ പോയത് നിഷ്കളങ്കമായ ഒന്നല്ല മറിച്ച് ബോധപൂര്‍വ്വം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

രാജ്യത്തെ അപകടപ്പെടുത്തുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നിരവധി നീക്കങ്ങളെയാണ് ഇങ്ങനെ നമ്മുടെ മാധ്യമങ്ങള്‍ മൂടിവെയ്ക്കുന്നത്.
വിലക്കയറ്റമോ സാമ്പത്തിക പ്രതിസന്ധിയോ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലേക്കുള്ള കൈകടത്തലുകളോ ഒന്നും അവര്‍ക്ക് വിഷയമല്ല.

പത്തു രൂപ വിലയുണ്ടായിരുന്ന സവാളയുടെ വില കുറഞ്ഞ ദിവസംകൊണ്ട് നൂറ്റിനാല്പതു രൂപയിലേക്ക് കുതിച്ചു കയറിയത് ഒരു വിഷയമേയല്ലാതായിരിക്കുന്നു. എന്നാൽ ഇപ്പോഴും ശബരിമലയും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധയും ഊതിപ്പെരുപ്പിച്ചുകൊണ്ടിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്ല കൌതുകമാണ് താനും.

രാജ്യത്തിന്റെ നിലനില്പിനെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ ഇനിയും എന്നാണ് തയ്യാറാകുക ?

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.