Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

എടിഎം ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. 2020ന്റെ തുടക്കത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സ്‌കിമ്മിങ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് സൈബര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഇന്ന് അവസാനിച്ച പണ വായ്പ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇതേ കുറിച്ച് അറിയിച്ചത്.

എന്നാല്‍, എടിഎം ഇടപാടുകളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തുന്ന സൈബര്‍ നിയന്ത്രണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ ഈ മാസം അവസാനം മാത്രമെ പുറത്തുവിടുകയുള്ളു.

വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും എടിഎം സേവനങ്ങള്‍ സ്വകാര്യ സേവനദാതാക്കളെ ഏല്‍പിക്കുകയാണ് ചെയ്യുന്നത്. ഇത് ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോരുന്നതിന് കാരണമാകുന്നതായി ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിലെ നിയന്ത്രണം, നിര്‍ണ്ണായക വിവരങ്ങളുടെ കൈമാറ്റം, ഫോറന്‍സിക്ക് പരിശോധന, എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്നുതന്നെ അറിയിപ്പ് കൊടുക്കാനും പ്രതികരിക്കാനുമുള്ള സംവിധാനം ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് കൊണ്ടായിരിക്കും പുതിയ നടപടികള്‍ അവതരിപ്പിക്കുക.