Thu. Apr 25th, 2024

ന്യൂഡല്‍ഹി:

നല്‍കിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തനം കാഴ്ചവെച്ച പേ ടി എം പോലുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി മാറാന്‍ അപേക്ഷിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നോണ്‍-ഓപ്പറേറ്റിംഗ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനി (HOFHC) ഘടനയില്‍ വരുന്നതാണ് സ്ഥാപനങ്ങളെങ്കില്‍, ഒരു പേയ്‌മെന്റ് ബാങ്കിന്റെ പ്രമോട്ടര്‍ക്ക് ചെറുകിട ധനകാര്യ ബാങ്ക് സ്ഥാപിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.

നിലവില്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ അനുവാദമില്ല. ഒരു ലക്ഷം രൂപവരെ നിക്ഷേപം നടത്താനെ ഒരു ഉപഭോക്താവിന് അര്‍ഹതയുള്ളു. ലൈസന്‍സ് ലഭിച്ചാല്‍ കൂടുതല്‍ നിക്ഷേപം നടത്താനും ലാഭം വര്‍ധിപ്പിക്കാനും ഈ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.

ചെറുകിട ബാങ്കുകളുടെ ഓഹരി മൂലധന ആവശ്യകത 100 കോടിയില്‍ നിന്ന് 200 കോടിയാക്കി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു.

500 കോടി രൂപയുടെ ആസ്തിയിലെത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ ബാങ്കുകള്‍ അപേക്ഷ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ പ്രാഥമിക നഗര സഹകരണ ബാങ്കുകളേയും ചെറുകിട ധനകാര്യ ബാങ്കുകളാക്കാം. ഈ ചെറുകിട ബാങ്കുകളുടെ ഏറ്റവും കുറഞ്ഞ ആസ്തി 100 കോടി രൂപയായിരിക്കും. ബിസിനസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തിനകം ഇത് 500 കോടിയായി ഉയര്‍ത്തുകയും വേണം.