Mon. Dec 23rd, 2024
തിരുവനന്തപുരം:

മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണച്ചതില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും വിശദീകരണം തേടി. എന്‍സിപി ഇടതുമുന്നണിക്കൊപ്പമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന പാര്‍ട്ടി ഇടതുമുന്നണിയില്‍ തുടരുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.

മഹാരാഷ്ട്രയിലെ വാര്‍ത്തയറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെവിളിച്ചെന്നും, അജിത് പവാര്‍ കുറച്ച് എംഎല്‍എമാരെ അടര്‍ത്തിക്കൊണ്ട് പോയതാണെങ്കില്‍ ‘ഫോര്‍ഗെറ്റ് ഇറ്റ്’ അല്ലെങ്കില്‍ ഇക്കാര്യം വിശദീകരിക്കേണ്ടി വരുമെന്ന് പറ‍ഞ്ഞതായും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ അട്ടിമറിക്ക് ഉത്തരവാദി കോണ്‍ഗ്രസാണ്, പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ അറിവോടെയല്ല മഹാരാഷ്ട്രയിലെ നീക്കമെന്നും തോമസ് ചാണ്ടി ആരോപിച്ചു. കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്കെതിരെയും അദ്ദേഹം മുനവെച്ചുള്ള വിമര്‍ശനങ്ങളുന്നയിച്ചു.

വിവരമറിഞ്ഞയുടന്‍ ശരത് പവാറിനെ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ തീരുമാനം തന്‍റെ അറിവോടെയല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണമെന്നും,അജിത്ത് പവാറിനെതിരേ നടപടി സ്വീകരിക്കണമെന്നും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടിപി പീതാംഭരന്‍ മാസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അജിത് പവാറിന്‍റെ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് മാണി സി കാപ്പനും നിലപാട് അറിയിച്ചു.

ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനും എന്‍സിപി നേതാക്കളുമായി ആശയവിനിമയം നടത്തി. എന്‍സിപി ദേശീയ നേതൃത്വം അറിയാതെ അജിത് പവാര്‍ എടുത്ത നിലപാടെന്നാണു മനസിലാക്കുന്നതെന്ന് വിജയരാഘവന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും, മഹാരാഷ്ട്രയില്‍ ബിജെപിക്കും കേരളത്തില്‍ ഇടതു മുന്നണിക്കും പിന്തുണ നല്‍കുന്ന എന്‍സിപി നിലപാടില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്.

എന്‍സിപി പിളര്‍ന്ന് ഒരു വിഭാഗം ബിജെപിക്കൊപ്പം പോയതാണെങ്കില്‍ വിശദീകരണത്തിന് സാധ്യതയുണ്ടെന്നാണ് ഇടതുമുന്നണി കരുതുന്നത്. മറിച്ചായാല്‍ എന്‍സിപിയെ ഇടതുമുന്നണിയില്‍ തുടരാന്‍ അനുവദിക്കുന്നത് കേരളത്തില്‍ രാഷ്ട്രീയമായ വന്‍ തിരിച്ചടിക്ക് ഇടയാക്കും.