റിയാദ്:
സൗദിയുടെ ഈ വര്‍ഷത്തെ ദേശീയ ദിനം ആഹ്ലാദപൂര്‍വം രാജ്യം മുഴുവന്‍ ആഘോഷിച്ചു. ആകാശത്ത് വിവിധ വര്‍ണങ്ങള്‍ വാരിവിതറി നടന്ന വെടിക്കെട്ടുകളും ലേസര്‍ ഷോയുമായിരുന്നു എണ്‍പത്തി ഒമ്പതാമത് ദേശീയ ദിനാഘോഷത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കിയത്. പ്രധാനമായും റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക്, അബഹ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ ആഘോഷ പരിപാടികള്‍. 13 നഗരങ്ങളിലാണ് മനോഹരമായ വെടിക്കെട്ടുകള്‍ ഒരുക്കിയിരുന്നത്.
രാവിലെ മുതല്‍ എല്ലായിടത്തും സൗദിയുടെ പച്ചനിറമുള്ള ദേശീയ പതാകയേന്തിയ വാഹനങ്ങള്‍ കാണാമായിരുന്നു. വൈകുന്നേരം നടന്ന ആഘോഷ പരിപാടികളില്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനത്തിന്റെ ഭാഗമായി നടന്നു. വ്യോമാഭ്യാസ പ്രകടനങ്ങള്‍, ലേസര്‍ പ്രദര്‍ശനം, ത്രീഡി ലൈറ്റ് ഷോ, എന്നിവയ്‌ക്കൊപ്പം വെടിക്കെട്ടുകള്‍, മ്യൂസിക് നൈറ്റ്, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവയും അരങ്ങേറി.
സ്വദേശികള്‍ക്കൊപ്പം വിദേശികളും സൗദി ദേശീയദിനത്തിന്റെ ആഘോഷത്തിമിര്‍പ്പിലായിരുന്നു. പ്രവാസി മലയാളികളും ദേശീയ ദിനാഘോഷത്തില്‍ ആഹ്ലാദപൂര്‍വം പങ്കു ചേര്‍ന്നു. ദേശീയദിനാഘോഷത്തിന്റെ തുടര്‍ച്ചയായുള്ള പരിപാടികള്‍ സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വരും ദിനങ്ങളിലും അരങ്ങേറും.