Fri. Mar 29th, 2024
ദുബായ്:

സ്വദേശിവത്കരണം കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്‍കി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആശയം അനുസരിച്ചാണ് പുതിയ സ്വദേശിവത്കരണ പദ്ധതിക്ക് രൂപം നല്‍കിയത്. അഞ്ച് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയില്‍ തൊഴില്‍ വിപണി പരിശോധിച്ച് സ്വദേശികള്‍ക്ക് അനുകൂലമായ തൊഴില്‍ സാധ്യതകളും അവസരങ്ങളും കണ്ടെത്തുന്നതാണ് അദ്യഘട്ടം.

തുടര്‍ന്ന് രണ്ടാം ഘട്ടമായി ഇത്തരം തൊഴിലുകള്‍ക്കാവശ്യമായ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഊന്നല്‍ നല്‍കും. അടുത്ത ഘട്ടങ്ങളിലായി തൊഴില്‍ പദ്ധതികളും ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളും രൂപീകരിക്കും. ആവശ്യമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുക എന്നതാണ് പദ്ധതിയുടെ അവസാന ഘട്ടം. നിലവില്‍ പന്ത്രണ്ട് വ്യത്യസ്ത മേഖലകളിലാണ് സ്വദേശി വല്‍ക്കരണം നടപ്പിലാക്കാനായി ദുബായ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മാന്യമായ തൊഴില്‍ ലഭ്യമാക്കുക എന്നതിനാണ് ദുബായ് ഭരണകൂടം പ്രഥമ പരിഗണന നല്‍കുന്നതെന്ന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും ജോലി എന്ന ലക്ഷ്യം സാധ്യമാക്കാന്‍ കഴിയും. യുഎഇയിലെ ജനങ്ങള്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരാണ്. അവരുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശിവത്കരണത്തില്‍ നേരിടുന്ന വെല്ലുവിളികളും തടസങ്ങളും അടുത്ത ഘട്ടത്തില്‍ പരിശോധിച്ച്, അവ പരിഹരിക്കാന്‍ ശ്രമിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ് മാനവ വിഭവശേഷി വകുപ്പ്, എന്നിവയ്‌ക്കൊപ്പം വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നത്. ദുബായില്‍ സ്വദേശിവത്കരണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ശൈഖ് ഹംദാന്‍ തന്നെയാണ് നേരത്തെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കിയിരുന്നത്.

സൗദിക്ക് പിന്നാലെ ദുബായ് കൂടി സ്വദേശി വല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതോടെ പ്രവാസികളായ ഇന്ത്യാക്കരുടെ തൊഴില്‍ സാധ്യതകള്‍ക്കാണ് മങ്ങലേല്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *