Thu. May 2nd, 2024
വെബ് ഡെസ്‌ക്:

പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാനുള്ള വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു. ആറു മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണം എന്ന വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതോടെ രണ്ടോ മൂന്നോ മാസത്തെ അവധിക്കു വരുമ്പോള്‍ പോലും ആധാറിന് അപേക്ഷിക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ക്ക് ഇനി വേഗത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ വഴിയൊരുങ്ങുകയാണ്. ചെറിയ അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഉടന്‍ തന്നെ ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാം. പാസ്‌പോര്‍ട്ട്, താമസ രേഖ, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കേണ്ടത്.

ഏറ്റവും കുറഞ്ഞത് ആറു മാസം തുടര്‍ച്ചയായി നാട്ടില്‍ താമസിക്കുന്നവര്‍ക്കു മാത്രമാണ് ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ഇതുവരെ അനുമതിയുണ്ടായിരുന്നത്. ഈ വ്യവസ്ഥ ഒഴിവാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ ആധാറിനാവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ വഴി നേരത്തേ തന്നെ ദിവസം അപ്പോയിന്‍മെന്റ് എടുക്കാനുള്ള സൗകര്യവും നിലവിലുണ്ട്.

ഈ വര്‍ഷം കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വാഗ്ദാനമാണ് നടപ്പാക്കിയിരിക്കുന്നത്. ആധാറിനായി 180 ദിവസം നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥ ഒഴിവാക്കിയതിനെ വിവിധ പ്രവാസിസംഘടനകള്‍ സ്വാഗതം ചെയ്തു. അതേസമയം, വിദേശരാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാനുള്ള സംവിധാനം വേണമെന്ന പ്രവാസികളുടെ ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *