തിരുവനന്തപുരം:
പി.എസ്.സി. പരീക്ഷ ചോദ്യങ്ങൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ചു മുഖ്യമന്ത്രി പി.എസ്.സി.യെ സമീപിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് പി.എസ്.സി.യുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചനടത്തും.
സെപ്തംബര്‍ ഏഴിന് നടന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ വച്ചായിരുന്നു, ഇതുസംബന്ധിച്ച് പി.എസ്.സി. അധികാരികളുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16 ലേക്ക് നീണ്ടത്.
സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയും മാതൃഭാഷയും മലയാളമായിരുന്നിട്ട് കൂടി പി.എസ്.സി. ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രം വരുന്നതിനെതിരെ നേരത്തെയും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇംഗ്ലീഷ് പ്രാവീണ്യം കൂടുതലുണ്ടാവാൻ സാധ്യത സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നവർക്കാണ്. ഇക്കാരണത്താൽ, താഴേക്കിടയിലുള്ളവരുടെ അവസരം കൂടിയായിരുന്നു ആംഗലേയത്തിൽ (ഇംഗ്ലീഷിൽ) മാത്രം പരീക്ഷ ചോദ്യങ്ങൾ അച്ചടിക്കുന്നതിലൂടെ പി.എസ്.സി. തട്ടിപ്പറിക്കുന്നത് എന്നതായിരുന്നു ഇത്തരം വിമർശനങ്ങൾക്ക് ഹേതു.