കൊച്ചി:
സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ വിവാദ ഫ്‌ളാറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫ്‌ളാറ്റുടമകള്‍ രംഗത്തെത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് കുണ്ടന്നൂരിലെ ഹോളി ഫെയ്ത് അപ്പാര്‍ട്‌മെന്റിനു മുന്നില്‍ ചീഫ് സെക്രട്ടറിയെ ഉപരോധിച്ചത്. പ്രതിഷേധക്കാര്‍ ചീഫ് സെക്രട്ടറിക്കെതിരെ ശക്തമായി മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മരടിലെ വിവാദ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരും നഗരസഭയും സുപ്രീം കോടതിയെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കാത്തതാണ് ഇങ്ങനെയൊരു വിധിയുണ്ടാകാന്‍ കാരണമെന്നാണ് ഫ്‌ളാറ്റുടമകള്‍ പറയുന്നത്. ഇവിടത്തെ അപാര്‍ട്‌മെന്റുകളില്‍ താമസക്കാരുണ്ടെന്ന കാര്യം ഇവരാരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ല. സര്‍ക്കാരും നഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നല്‍കുന്നില്ല എന്നും ഫ്‌ലാറ്റുടമകള്‍ ആരോപിക്കുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് എന്തു വന്നാലും തടയുമെന്ന നിലപാടിലാണ് താമസക്കാര്‍.
ഇക്കാര്യങ്ങള്‍ വിശദമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായും ഫ്‌ലാറ്റുടമകള്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരെങ്കിലും നീതി ലഭ്യമാക്കണം എന്നാണ് കത്തിലെ ആവശ്യം. നീതി നടപ്പാക്കാനും ഫ്‌ലാറ്റു വാങ്ങിയവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ എന്നും മരട് ഭവന സംരക്ഷണ സമിതി നല്‍കിയ കത്തില്‍ ചോദിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ അന്ത്യ ശാസനത്തെ തുടര്‍ന്ന് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കി നഗരസഭാ സെക്രട്ടറിക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന്റെ പേരില്‍ കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയത്. ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് കുണ്ടന്നനൂര്‍ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിലെത്തിയത്. ചീഫ് സെക്രട്ടറിക്ക് ഗോ ബാക്ക് വിളിച്ച് ഫ്‌ളാറ്റിലെ മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പ്ലക്കാര്‍ഡുകളുമായെത്തി പ്രതിഷേധിച്ചത്.
അതേസമയം സുപ്രീം കോടതിവിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ചുമതലയുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഫ്‌ളാറ്റിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറും അറിയിച്ചു.
ഈ മാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി സെക്രട്ടറി നേരിട്ടു റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനിടെ ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള ഉത്തരവിനെതിരെ ഫ്‌ളാറ്റുടമകള്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.