Thu. Mar 28th, 2024
കൊച്ചി:

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള നടപടിയില്‍ നിന്നും നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി ഫ്‌ളാറ്റുകളിലെ താമസക്കാര്‍. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമെന്ന് മാധ്യമ വാര്‍ത്തകളിലൂടെ അറിയുന്നതല്ലാതെ തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും താമസക്കാരായ സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പറഞ്ഞു.

നിയമപ്രകാരം ബാങ്കില്‍ നിന്നും ലോണെടുത്ത് ഫ്‌ളാറ്റു വാങ്ങി നഗരസഭയില്‍ ടാക്‌സും അടച്ചു കൊണ്ടിരിക്കുന്നവരുടെ മേല്‍ പരീക്ഷണം നടത്തുന്നത് എന്തു കൊണ്ടാണെന്ന മനസിലാകുന്നില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പ്രതികരിച്ചു. എന്തു കൊണ്ടാണ് കോടതി താമസക്കാരായ തങ്ങളുടെ വാദം കേള്‍ക്കാത്തത്. ഒരാളെ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ പോലും അതിന് അപ്പീല്‍ നല്‍കാന്‍ കഴിയും. അങ്ങിനെ ചില വിധികളെങ്കിലും മാറിയിട്ടുണ്ടല്ലോ. അങ്ങിനെയൊരു രീതിയിലേക്ക് പോകണമെങ്കില്‍ രാഷ്ട്രപതിയുടെ മുന്നില്‍ ഹര്‍ജിയുമായി പോകാനും തങ്ങള്‍ ഒരുക്കമാണെന്നും മേജര്‍ രവി പറഞ്ഞു.

ഇവിടെ കുറച്ചു പേര്‍ ജീവിക്കുന്നുണ്ട് എന്നതിനെ കുറിച്ച് ചിന്തിക്കാതെയുള്ള നടപടിയാണിതെന്ന് സംവിധായകന്‍ ബ്ലെസി പ്രതികരിച്ചു. പത്രമോ ടിവിയോ കാണാതിരുന്നെങ്കില്‍ ഞങ്ങളാരും ഇങ്ങനെയൊരു കാര്യം തന്നെ അറിയുമായിരുന്നില്ല. ഇത്തരമൊരു തീരുമാനമുണ്ടെങ്കില്‍ ഇവിടത്തെ താമസക്കാരായ ഞങ്ങള്‍ക്ക് കുറഞ്ഞ പക്ഷം ഒരു നോട്ടീസ് നല്‍കുകയെങ്കിലും വേണ്ടേ എന്നും ബ്ലസി ചോദിച്ചു. രജിസ്‌ട്രേഷന്‍ ഫീസും ടാക്‌സും അടച്ച് വര്‍ഷങ്ങളായി താമസിക്കുന്നവരല്ലേ ഞങ്ങളെല്ലാം. ഞങ്ങള്‍ക്കു മാത്രം ഈ നിയമം ബാധകമാകുന്നതെന്താണ്. നിയമം നടപ്പിലാക്കേണ്ട ആളുകളുടെ ഭാഗത്തു നിന്നും ഇവിടത്തെ താമസക്കാരെ കുറിച്ചുള്ള വിവരം കോടതിയിയെ അറിയിക്കാത്തതാവാം കോടതി വിധിക്കു കാരണമെന്നും ബ്ലെസി പറഞ്ഞു.

ഫ്‌ളാറ്റിനു വേണ്ടി എടുത്ത ലോണ്‍ ഇതുവരെ അടച്ചു തീര്‍ത്തിട്ടില്ല. ഇനിയും ഒരുപാട് കഷ്ടപ്പെട്ടാലേ ഇതെല്ലാം അടച്ചു തീര്‍ക്കാന്‍ കഴിയൂ. ഇവിടെ താമസിച്ചിരുന്ന സുഹൃത്തുക്കളോടു കൂടി ചോദിച്ചിട്ടാണ് താന്‍ ഫ്‌ളാറ്റു വാങ്ങിയത്. അന്നൊന്നും യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. അതിനു മുമ്പ് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുകയോ ആര്‍ക്കെങ്കിലും നോട്ടീസ് ലഭിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല. ഇത്തരമൊരു നിയമ പ്രശ്‌നം ഉള്ളതായി എവിടെ നിന്നും അറിഞ്ഞിരുന്നില്ല. ഇപ്പോഴും മാധ്യമങ്ങളിലൂടെ അറിയുന്ന വാര്‍ത്തകളല്ലാതെ ആര്‍ക്കും നോട്ടീസൊന്നും ലഭിച്ചിട്ടില്ല. ഇത്രയധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാകുമ്പോള്‍ ഞങ്ങളുടെ കാര്യം കൂടി പരിഗണിക്കേണ്ടെ എന്നും സൗബിന്‍ ചോദിക്കുന്നു.

ഇതിനിടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫ്ളാറ്റിലെ താമസക്കാര്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ പുതിയ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഫ്‌ളാറ്റു നിര്‍മ്മാണത്തിലെ നിയമലംഘനം പരിശോധിക്കാന്‍ നിയോഗിച്ച സമിതി തങ്ങളുടെ ഭാഗം കേട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *