Fri. Mar 29th, 2024
തിരുവനന്തപുരം:

അഭയ കേസിന്റെ വിചാരണക്കിടെ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം തടയാന്‍ സി.ബി.ഐ കര്‍ശന നടപടിക്കൊരുങ്ങുന്നു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി.ബി.ഐ. സാക്ഷികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഈമാസം 16ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും.

കൊലപാതകം നടന്ന് 27 വര്‍ഷത്തിനു ശേഷമാണ് അഭയ കേസില്‍  തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയത്. ആഗസ്റ്റ് 26ന് കേസിന്റെ വിചാരണ തുടങ്ങിയതിനു ശേഷം പതിനൊന്നു സാക്ഷികളെ വിസ്തരിച്ചതില്‍ നാലു സാക്ഷികളാണ് കൂറുമാറിയത്.

വിചാരണ തുടങ്ങിയ ദിവസം തന്നെ കൂറുമാറ്റവും തുടങ്ങി. അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് ആദ്യ ദിവസം തന്നെ കൂറുമാറിയത്. പത്തു വര്‍ഷം മുമ്പു നല്‍കിയ മൊഴിയാണ് സിസ്റ്റര്‍ അനുപമ മാറ്റിയത്. അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും അടുക്കളക്കു സമീപം കണ്ടതായും പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കിണറ്റില്‍ എന്തോവീഴുന്ന ശബ്ദം കേട്ടതായും അനുപമ നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴികളെല്ലാം വിചാരണ വേളയില്‍ അനുപമ മാറ്റിപ്പറഞ്ഞു. അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നാണ് അനുപമ കോടതിയില്‍ പറഞ്ഞത്.

രണ്ടാം ദിവസം നടന്ന വിചാരണയില്‍ കേസിലെ നാലാംസാക്ഷിയായ സഞ്ജു പി. മാത്യുവും കൂറുമാറി. അഭയ കൊല്ലപ്പെട്ട ദിവസം രാത്രിയില്‍ കേസിലെ മുഖ്യപ്രതിയായ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ മഠത്തിന്റെ മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി. മാത്യു കോടതിയിലെത്തിയപ്പോള്‍ മാറ്റിപ്പറഞ്ഞത്.

സെപ്റ്റംബര്‍ നാലിന് കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണിയും വിചാരണയ്ക്കിടെ കൂറുമാറി. സാധാരണയായി സന്തോഷത്തോടെ കാണപ്പെടാറുള്ള സിസ്റ്റര്‍ സെഫി അഭയ കൊല്ലപ്പെട്ട ദിവസം അസ്വാഭാവികമായി പെരുമാറിയിരുന്നെന്നും ദേഷ്യത്തിലായിരുന്നു എന്നുമായിരുന്നു നിഷാറാണി ആദ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നത്. അതേസമയം രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയില്‍ സംഭവ ദിവസം പ്രത്യേകിച്ചൊരു സ്വഭാവ മാറ്റവും കണ്ടിരുന്നില്ല എന്ന് വിചാരണക്കിടെ നിഷാറാണി കോടതിയില്‍ പറഞ്ഞു. പ്രാര്‍ത്ഥനക്കു വേണ്ടി വൈദികര്‍ പലപ്പോഴും മഠത്തില്‍ വരാറുണ്ടായിരുന്നു എന്ന മൊഴിയും നിഷ കോടതിയില്‍ മാറ്റിപ്പറഞ്ഞു.

അടുത്ത ദിവസം കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയും കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞു. അഭയയുടെ കൊലപാതകം നടക്കുന്ന കാലത്ത് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയില്‍ അസ്വാഭാവികമായ ചിലത് കണ്ടു എന്നായിരുന്നു അച്ചാമ്മ സി.ബി.ഐ.ക്ക് നല്‍കിയിരുന്ന മൊഴി. എന്നാല്‍ കോടതിയിലെ വിചാരണ വേളയില്‍ താന്‍ അസ്വാഭാവിമായി ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ മൊഴി മാറ്റിപ്പറഞ്ഞു.

നുണപരിശോധനക്ക് അച്ചാമ്മയെയും വിധേയമാക്കണമെന്ന് സി.ബി.ഐ. നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാണ് അച്ചാമ്മ രക്ഷപ്പെട്ടത്.

നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ കൂടുതല്‍ സാക്ഷികള്‍ ഇതേ രീതിയില്‍ കൂറുമാറും എന്നാണ് സി.ബി.ഐ സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂറുമാറുന്നവര്‍ക്കെതിരെ കേസെടുത്ത് മുന്നോട്ട് പോകാന്‍ സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *