ജിദ്ദ:
സൗദി അറേബ്യയിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടി മുട്ടിയ സംഭവത്തിൽ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സൗദി കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടകരമായ ഈ സംഭവം.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും ചിറകുകളായിരുന്നു കൂട്ടിമുട്ടിയത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 300 വിഭാഗത്തില്‍പെടുന്ന വിമാനം ടാക്സി വേയില്‍ നിന്ന് കെട്ടിവലിച്ചുകൊണ്ടുവരുകയായിരുന്നു. അതേസമയം, വിമാനത്താവളത്തിൽ, എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
മുന്നോട്ടു വന്നുക്കൊണ്ടിരിക്കുന്നതിനിടെ സൗദി എയർലൈൻസിന്റെ ഇടത് ചിറക് എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ വലതു ചിറകില്‍ അപകടകരമായി ഇടിച്ചു. സംഭവത്തിൽ, എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല, എങ്ങനെ അപകടം സംഭവിച്ചുവെന്ന് കണ്ടെത്താൻ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ, ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.