റിയാദ്:
സൗദി അറേബ്യയിലെ ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമായ അബ്‍ഹയിൽ ഹൂതികളുടെ ആക്രമണം. അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇറാന്റെ സഹായത്തോടെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈല്‍ വിമാനത്താവളത്തില്‍ പതിച്ചതായി പറയുന്നത്. ബുധനാഴ്ച രാത്രിയുണ്ടായ ഈ ആക്രമണത്തില്‍ ആളപായമോ, പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്ന്, സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു, ആക്രമണമുണ്ടായതെന്നാണ് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറയുന്നത്. അതേസമയം, അധികൃതര്‍ ഇക്കാര്യത്തില്‍ അന്വേഷണം തുടർന്ന് കൊണ്ടിരിക്കുകയാണ്.
അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചുകൊണ്ടുള്ള ഹൂതികളുടെ ഈ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍, ഇറാന്റെ ഒത്താശ ഇതിൽ ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്ന്, സഖ്യസേന ആരോപിച്ചു. കഴിഞ്ഞ ദിവസം ഹൂതികള്‍ പദ്ധതിയിട്ടിരുന്ന ഡ്രോണ്‍ ആക്രമണശ്രമം സൗദി സേന വിഫലമാക്കിയിരുന്നു.
ഈയാഴ്ച തന്നെ യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട ആറോളം ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, ഹൂതികളിൽ നിന്നും പുതിയൊരു ആക്രമണം കൂടി ഉണ്ടായിരിക്കുന്നത്.